'വ്യാജക്കുറ്റത്തിന് തടവിലാക്കിയിട്ട് അഞ്ച് വർഷം, ഈ ഭരണകൂടത്തിന് സഞ്ജീവിനെ തകർക്കാനാവില്ല'
India
'വ്യാജക്കുറ്റത്തിന് തടവിലാക്കിയിട്ട് അഞ്ച് വർഷം, ഈ ഭരണകൂടത്തിന് സഞ്ജീവിനെ തകർക്കാനാവില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2023, 3:32 pm

ന്യൂദൽഹി: ഗുജറാത്ത് കലാപത്തിൽ മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പോരാട്ടങ്ങളെ ഓർമപ്പെടുത്തി പങ്കാളി ശ്വേത ഭട്ട്. സഞ്ജീവ് ഭട്ട് ജയിലിലായിട്ട് അഞ്ച് വർഷം തികയുന്ന ദിവസം അദ്ദേഹത്തിന്റെ എക്സ് ഹാൻഡിലിൽ ആണ് ശ്വേതയുടെ വികാരനിർഭരമായ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. വ്യാജകേസിൽ തടവിലാക്കി സഞ്ജീവ് ഭട്ടിന്റെ ആത്മവീര്യം തകർക്കാമെന്നാണ് സർക്കാരിന്റെ വ്യാമോഹമെന്നും എന്നാൽ അദ്ദേഹം കൂടുതൽ ശക്തമാകുകയാണ് ഉണ്ടായതെന്നും ശ്വേതാ ഭട്ട് പറയുന്നു.

‘അഞ്ച് വർഷങ്ങൾക്ക് മുമ്പ് നമ്മൾ കടുത്ത അനീതിക്ക് സാക്ഷികളായി. സഞ്ജീവ് ഭട്ട് എന്ന നിർഭയനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്റെ ആത്മവീര്യം തകർക്കാനും സത്യത്തിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തകർക്കാനും പ്രതികാരബുദ്ധിയോടെ ഈ സർക്കാർ വിഫല ശ്രമങ്ങൾ നടത്തുന്നു. അതിന്റെ ഭാഗമായാണ് വ്യാജ കേസിൽ അദ്ദേഹത്തെ തടവിലാക്കിയത്. പക്ഷേ, കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം കൂടുതൽ ശക്തി ആർജിക്കുകയാണ് ഉണ്ടായത്.

ഇന്ന് അദ്ദേഹത്തെ വ്യാജക്കുറ്റത്തിന് തടവിലാക്കി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ, നീതിക്കായുള്ള നമ്മുടെ പോരാട്ടം അഞ്ച് വർഷമെത്തി നിൽക്കുമ്പോൾ സഞ്ജീവിന്റെ അചഞ്ചലമായ കരുത്തിലും ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും നമ്മൾ പ്രചോദിതരാകുന്നു.

ഭയം കൊണ്ട് മൂടപ്പെട്ട അധികാരത്തിലല്ല സഞ്ജീവിന്റെ ശക്തിയുള്ളത്, അദ്ദേഹത്തിന്റെ സത്യസന്ധതയിലും തത്വങ്ങളിലും കുടുംബത്തിലും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരിലുമാണ്,’ ശ്വേതാ ഭട്ട് കുറിച്ചു.

കഴിഞ്ഞ 22 വർഷം സഞ്ജീവും കുടുംബവും ഒരുപാട് യാതനകൾ സഹിച്ചുവെന്നും ഒന്നിനും തങ്ങളെ തകർക്കാനാവില്ല എന്നും ശ്വേതാ ഭട്ട് പറയുന്നു.

1990ലെ കസ്റ്റഡി മരണ കേസിൽ 30 വർഷം ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയ നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാൽ സുപ്രീംകോടതി അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി.

നരേന്ദ്ര മോദി ഉൾപ്പെടെ നിരപരാധിയായ ആളുകൾക്കെതിരെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ആക്ടിവിസ്റ്റ് തീസ്ത സെതൽവാദ്, അന്നത്തെ ഗുജറാത്ത് ഡി.ജി.പി ആയിരുന്ന മലയാളി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ എന്നിവരോടൊപ്പം സഞ്ജീവ് ഭട്ടിനെയും പ്രതിചേർത്തിരുന്നു.

Content Highlight: It’s been 5 years since Sanjeev Bhutt was wrongfully convicted, says Shweta Bhutt on X