അഹമ്മദാബാദ്: മോദിയുടെ ഇന്ത്യയില്‍, സഞ്ജീവ് ഭട്ടിനെ പോലുള്ള നേരും നെറിയുമുള്ള പൗരന്മാര്‍ക്ക് ന്യായമായ വിചാരണക്കുള്ള അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യ ശ്വേത ഭട്ട്. തന്റെ പങ്കാളി ചെയ്യാത്ത കുറ്റത്തിന് ജയിലിലടച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷവും എട്ട് മാസവും എട്ട് ദിവസവും പിന്നിട്ടിരിക്കുകയാണെന്നും ശ്വേത സഞ്ജീവ് ഭട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
‘നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി സ്വതന്ത്രമായ വിചാരണക്ക് അവസരം നിഷേധിച്ചുള്ള നീതിനിഷേധം തുടരുകയാണ്. കോടതിയില്‍ തെളിവ് സമര്‍പ്പിക്കാനുള്ള അവസരം, വിരമിക്കും മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം.ആര്‍. ഷാ നിഷേധിച്ചു. അതേസമയം, സാക്ഷികളെ ഹാജരാക്കാനുള്ള അവസരം ഗുജറാത്ത് ഹൈക്കോടതിയും തള്ളി.
നീതി നടപ്പാക്കേണ്ട കേന്ദ്രങ്ങള്‍ തന്നെ നീതി നടപ്പാക്കാതിരിക്കാന്‍ വേണ്ട ടൂളുകളായി പ്രവര്‍ത്തിക്കുമ്പോള്‍ ജനം ഇനിയെങ്ങോട്ടേക്കാണ് പോകേണ്ടത്? മോദിയുടെ ഇന്നത്തെ ഇന്ത്യയില്‍ സഞ്ജീവ് ഭട്ടിനെ പോലെ നേരും നെറിയുമുള്ള പൗരന്മാര്‍ക്ക് ന്യായമായ വിചാരണക്കുള്ള അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്.
സഞ്ജീവ് ഭട്ടിലൂടെ പുറത്തുവരേണ്ട സത്യം നിലവിലെ ഫാസിസ്റ്റ്-സ്വേച്ഛ്വാധിപത്യ ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ് അത് മൂടിവെക്കാനാണ് ജുഡീഷ്യറി ശ്രമിക്കുന്നത്. അത്യാഗ്രഹത്താലും ഭയത്താലും സിസ്റ്റത്തെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുമെന്നുറപ്പാണ്. എന്നാല്‍, സത്യത്തിനും നീതിക്കും അന്തസിനും വേണ്ടി ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും’ ശ്വേത ട്വീറ്റ് ചെയ്തു.
2002ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയലഹളയില്‍ ഹിന്ദു വര്‍ഗീയവാദികളെ കയ്യയച്ച് സഹായിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടതായി ആരോപണമുന്നയിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.
2015ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ തെളിവ് ഹാജരാക്കിയെങ്കിലും പ്രത്യേകാന്വേഷണ സംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ ഈ ഹരജി കോടതി തള്ളുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വ്യാജ പരാതി നല്‍കിയെന്ന് കാട്ടി 2018ല്‍ ഭരണകൂടം അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു.