2002 ലെ ഗുജറാത്ത് വംശഹത്യാനന്തരം നെറിയുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ‘അധികാര കേന്ദ്രങ്ങളോട് നേര്‍ക്കുനേര്‍ നിന്ന് പൊരുതിയതിന്റെ ചരിത്രം സമാനതകളില്ലാത്തതാണ്. ഗോഡ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട എന്ന് മോദി യോഗത്തില്‍ പറഞ്ഞെന്നും 2011ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു.
ആ വര്‍ഷം കൃത്യവിലോപം ആരോപിച്ച് സഞ്ജയ് ഭട്ടിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തനിക്കെതിരായ കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2015 ഒക്ടോബറില്‍ ഭട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പക്ഷേ കോടതി ഹര്‍ജി തള്ളി. 2015 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. രാജസ്ഥാനിലെ അഭിഭാഷകനെ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന 1996-ലെ കേസില്‍ 2018 സെപ്തംബറില്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്തു. ഇപ്പോള്‍ 30 വര്‍ഷം മുന്‍പത്തെ ഒരു കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നു. കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന ഭട്ടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
2002 ഗുജറാത്ത് വംശഹത്യയിലെ ഒരു പ്രധാന അധ്യായമായിരുന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ നരേന്ദ്ര മോദിയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ പരാതി 2011 ലാണ് സുപ്രീം കോടതി തീര്‍പ്പാക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശത്തെ നരേന്ദ്രമോദിയ്ക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കി എന്ന തരത്തില്‍ വ്യാഖ്യാനിച്ച് കൊണ്ട് നരേന്ദ്ര മോദി ആറ് കോടി ഗുജറാത്തികളെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായി 2011 ല്‍ സഞ്ജീവ് ഭട്ട് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് ഒരു തുറന്ന കത്തെഴുതി.
2019 ല്‍ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോള്‍ 2011 ല്‍ എഴുതിയ വിശദമായ ആ കത്തിലെ വരികള്‍ ഒന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്. ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കാം.
‘താങ്കളെപ്പോലുള്ളവര്‍ ദുരുദ്ദേശ്യത്തിനായി, ബോധപൂര്‍വമോ അശ്രദ്ധമൂലമോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ‘ആറ് കോടി ഗുജറാത്തി’കളില്‍ ഒരാളെന്ന നിലയില്‍ എനിക്ക് കടുത്ത വേദന തോന്നുന്നു, വഞ്ചിക്കപ്പെടുന്നതായും. അഡോള്‍ഫ് ഹിറ്റ്ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന, നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാകാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തിലെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം വേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും അധികാരമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വാഭാവിക സൗമനസ്യമില്ലാത്ത അധികാരം കഠാരകള്‍ നീണ്ടുനില്‍ക്കുന്ന, തിരികെ നടക്കാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലകുറി തെളിയിച്ചിട്ടുണ്ട്. ഈ കത്ത് അതെഴുതിയതിന്റെ യഥാര്‍ഥ അന്തസ്സത്തയില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു.
എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു.’
ഐ.പി.എസ് കാരനായ ഒരാളാണ് നിലപാടുണ്ടായതിന്റെ പേരിലും അത് ഉറക്കെ പറഞ്ഞതിന്റെ പേരിലും ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ട് തടവിലടയ്ക്കപ്പെട്ടിരിക്കുന്നത്. സഞ്ജീവ് ഭട്ടിനെതിരായ കോടതി വിധി ഒരു വ്യക്തിക്കെതിരായ വിധിയല്ല. അത് ഭരണകൂട വിമര്‍ശകര്‍ക്കെതിരായ മുന്നറിയിപ്പിന്റെ വിധിയാണ്. പ്രതികരിക്കുന്നവരുടെ സൂക്ഷ്മ ചലനങ്ങളെ മുഴുവന്‍ താക്കീതിന്റെ ക്രൂരനോട്ടം കൊണ്ട് നിശ്ചലമാക്കുന്ന വിധിയാണ്. ജനാധിപത്യത്തിന്റെ സകല മേഖലയെയും ഒറ്റക്കെട്ട് കൊണ്ട് നിശ്ശബ്ദതയുടെ സീലുവെക്കാനുള്ള വിധി.
മലയാളത്തിലെ ദേശീയ ദിനപ്പത്രങ്ങള്‍ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം തടവിന്റ വാര്‍ത്ത എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ഭയം എങ്ങനെയാണ് പത്രക്കടലാസുകളില്‍ പടര്‍ന്നിരിക്കുന്നത് എന്ന് കാണാം. ഒന്‍പതാം പേജില്‍ രണ്ട് കോളം വാര്‍ത്തയാണ് മനോരമയ്ക്ക്. ആദ്യ പേജില്‍ത്തന്നെയുണ്ടെങ്കിലും കണ്ടു പിടിക്കാന്‍ പാടുപെടണം മാതൃഭൂമിയിലെ വാര്‍ത്ത. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതാക്കളും പ്രതികരിച്ച് കണ്ടില്ല ഈ വിഷയത്തില്‍ ഇതുവരെ. കോണ്‍ഗ്രസ്സോ ഇടതുപാര്‍ട്ടികളോ പ്രാദേശിക പാര്‍ട്ടികളോ ഒന്നും. 2014 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നരേന്ദ്ര മോദിക്കെതിരെ മണി നഗറില്‍ മത്സരിച്ചത് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആണ് എന്നുകൂടി ഓര്‍ക്കണം.
ശ്വേത ഭട്ട് ഐ.പി.എസ് അസോസിയേഷനോട് പറയുന്നുണ്ട് നിങ്ങള്‍ സഞ്ജീവിനൊപ്പം നിന്നില്ല എന്ന്. പ്രതികാരബുദ്ധിയുള്ള ഈ സര്‍ക്കാരിനോടാണ് സഞ്ജീവ് പോരാട്ടം നടത്തിയത് എന്ന്. ഏത് അറ്റം വരെയാണ് നിശ്ശബ്ദരായ കാണികളായിരിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് എന്നവര്‍ ചോദിക്കുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തരും കേള്‍ക്കേണ്ടതാണ് ഈ ചോദ്യം. ഉത്തരം പറയാന്‍ സമയമെടുത്തേക്കാം. പക്ഷേ ഉറപ്പായും സഞ്ജീവ് ഭട്ടിന്റെ ജീവനും വിമോചനത്തിനും വേണ്ടി പോരാടണം എന്ന ഒറ്റയുത്തരം മാത്രമുള്ള ചോദ്യമാണത്.