ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ച് വന്നെന്നും വിദേശ രാജ്യങ്ങളിലുള്ളതും തപാല്‍ വകുപ്പിന്റെ കൈയ്യിലുള്ളതുമായ നോട്ടുകള്‍ തിരിച്ചെത്തിയാല്‍ 100 ശതമാനവും എത്തുമെന്നുമുള്ള റിപ്പോര്‍ട്ടിന് പുറകേയാണ് സര്‍ക്കാരിനെതിരെ സഞ്ജീവ് ഭട്ട് രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജീവ് ഭട്ട് പ്രതികരിച്ചത്. “മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്ന ചിലര്‍ കരുതുന്നത് രാജ്യം ഭരിക്കുക എന്നത് കലാപങ്ങള്‍ സൃഷ്ടിക്കുന്നതും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതും പോലെ എളുപ്പമുള്ള ഒന്നാണെന്നാണ്. അതിന്റെ ഫലങ്ങളാണ് ഇവിടെ കാണുന്നത്.” എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ്.
അതിനു മുമ്പേ മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം മോദി അനുകൂലികളെ മന്ദബുദ്ധികളെന്നും വിശേഷിപ്പിച്ചു. “മോദി മഹത്തരമായ കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിനു കുറച്ച് സമയം നല്‍കൂ. ഒരു രാത്രികൊണ്ട് ഒന്നും മാറില്ല. അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്”. എന്നു മന്ദബുദ്ധികളുടെ പ്രധാന മന്ദബുദ്ധി എന്നായിരുന്നു ഭട്ട് പറഞ്ഞത്.
സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളൊന്നും ഫലം കണ്ടില്ലെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെയാകെ ഇത് ബാധിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനു പുറകേയാണ് സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.