ന്യൂദല്‍ഹി: സര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയത് ആഘോഷിക്കുന്ന ഏക രാജ്യം ഇതായിരിക്കുമെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ജി.എസ്.ടി ഏര്‍പ്പെടുത്തിയത് ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം.
ട്വിറ്ററിലൂടെയാണ് സഞ്ജീവ് ഭട്ടിന്റെ വിമര്‍ശനം. ” പുതിയ നികുതി ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ ആഘോഷിക്കുകയും അതിന്റെ പേരില്‍ പരിപാടികള്‍ സംഘടിക്കുകയും ചെയ്യുന്ന ഏക രാജ്യം നമ്മുടേതായിരിക്കും. ഇതാണ് മാര്‍ക്കറ്റിങ്ങിന്റെ ശക്തി” എന്നാണ് സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.
ഇവന്റ് മാനേജ്‌മെന്റിലൂടെയും പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചുള്ള മാര്‍ക്കറ്റിങ്ങിലൂടെയും സദ്ഭരണം എന്ന തോന്നല്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ ഒന്നുമുതല്‍ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയത് വലിയ പരിപാടികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടന്ന സമ്മേളനത്തിലാണ് നികുതിപരിഷ്‌കാരം കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി വെള്ളിയാഴ്ച രാത്രി 11 മുതല്‍ 12വരെ പാര്‍ലമെന്റ് ചേര്‍ന്നിരുന്നു.
12 മണിക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ബട്ടന്‍ അമര്‍ത്തിയാണ് ജി.എസ്.ടിക്ക് തുടക്കം കുറിച്ചത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ശക്തമായി നിലകൊണ്ട ഐ.പി.എസ് ഓഫീസറായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. 2015ല്‍ ഭട്ടിനെ പൊലീസ് സേനയില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.