Sabarimala women entry
ശബരിമല സ്ത്രീപ്രവേശനം; ആര്‍.എസ്.എസ് നിലപാടില്‍ മൗനപ്രതിഷേധവുമായി ആര്‍. സഞ്ജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 29, 04:20 am
Monday, 29th October 2018, 9:50 am

തൃശൂര്‍: ശബരിമല സ്ത്രീപ്രവേശന വിധിയെ എതിര്‍ക്കുകയും അതിനെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത ആര്‍.എസ്.എസിനെതിരെ പരസ്യ പ്രതിഷേധവുമായി ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ആര്‍.എസ്.എസിന്റെ സാംസ്‌ക്കാരിക വേദിയായ തപസ്യയുടെ വേദിയില്‍ പ്രാസംഗികനായെത്തിയ സഞ്ജയന്‍ സംസാരിക്കാതെ വേദിമാത്രം പങ്കിട്ട് മൗനം പാലിക്കുകയായിരുന്നു.

സംഘപരിവാര്‍ നേതാവ് എം.എ കൃഷ്ണന്റെ നവതി ആഘോഷചടങ്ങിലാണ് സഞ്ജയന്റെ പ്രതിഷേധം. പരിപാടിയില്‍ “സാമൂഹിക പരിഷ്‌കരണത്തിന്റെ നാള്‍വഴികള്‍” എന്ന സെമിനാറില്‍ വിഷയാവതാരകനായിരുന്നു സഞ്ജയന്‍.

പരിപാടിയില്‍ സംസാരിക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന സഞ്ജയന്‍ കൃഷ്ണനോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലാണ് ചടങ്ങിന് വന്നതെന്നു വ്യക്തമാക്കി പ്രസംഗിക്കാതെ മൗനം തുടരുകയായിരുന്നു.

ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും ബി.ജെ.പി സമരത്തെ തള്ളിപ്പറഞ്ഞും സഞ്ജയന്‍ ജന്മഭൂമിയിലെഴുതിയ ലേഖനം സംഘപരിവാറിനുള്ളില്‍ ആശയഭിന്നതയുണ്ടാക്കിയിരുന്നു.