ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളെ പോലെയാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ആയിരക്കണക്കിന് കര്‍ഷകരെ ഹരിയാനയിലെയും ദല്‍ഹിയിലേയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും പ്രതിസന്ധികള്‍ ഭേദിച്ച് മുന്നോട്ടുപോയവരെ തീവ്രവാദികളെന്നും ഖാലിസ്ഥാന്‍ ഭീകരരെന്നും വിളിക്കുകയാണ് ബി.ജെ.പി സര്‍ക്കാരെന്നും റാവത്ത് പറഞ്ഞു.
‘ദല്‍ഹിയില്‍ കര്‍ഷകരെ തടഞ്ഞ രീതി കാണുമ്പോള്‍ തോന്നിയത്, അവരെ ഈ രാജ്യത്തെ പൗരന്‍മാരായി കേന്ദ്രം അംഗീകരിക്കുന്നില്ലെന്നാണ്. തീവ്രവാദികളെപ്പോലെയാണ് അവരെ കാണുന്നത്. മാര്‍ച്ച് നടത്തുന്നവരില്‍ ഭൂരിഭാഗം പേരും ഹരിയാനയില്‍ നിന്നോ, പഞ്ചാബില്‍ നിന്നോ ഉള്ളവരാണ്. സിഖുകാരാണ്. അതിനാല്‍ അവര്‍ ഖാലിസ്ഥാന്‍ ഭീകരരാണെന്ന് വിളിച്ച് അപമാനിക്കുകയാണ് സര്‍ക്കാര്‍. ഇത് ശരിയായ നടപടിയല്ല’, റാവത്ത് പറഞ്ഞു.
നേരത്തെ കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചില ഉപാധികളുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഉപാധികളോടെ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ നിന്നുംബുറാഡിയിലേക്ക് മാറ്റണമെന്നായിരുന്നു. അങ്ങനെയെങ്കില്‍ എത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാവാമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഈ നിര്‍ദേശമാണ് കര്‍ഷകര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
ഇപ്പോള്‍ സമരം നടക്കുന്ന ദില്ലി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.
സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്.
മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.
വലിയ മൈതാനത്തിലേക്ക് കര്‍ഷകരെ മാറ്റാന്‍ ദല്‍ഹി പൊലീസ് തയ്യാറാണെന്നും അവിടേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്നുമാണ് കര്‍ഷകരോട് അമിത് ഷാ ആവശ്യപ്പെട്ടത്. ‘ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ കര്‍ഷകര്‍ തങ്ങള്‍ പറയുന്ന സ്ഥലത്തേക്ക് മാറണം. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ നിങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍
അതേസമയം കര്‍ഷക പ്രക്ഷോഭം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക