മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ആസ്ഥാന മന്ദിരം ഇടിച്ചുതകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരുടെ മോഹമാണിതെന്നാണ് റാവത്ത് പറഞ്ഞത്.
‘ശിവസേന മന്ദിരം തകര്‍ക്കാന്‍ ഒരു യഥാര്‍ത്ഥ ബി.ജെ.പിക്കാരന് കഴിയില്ല. ഈ പറയുന്നവര്‍ ബി.ജെ.പിക്കാരല്ല. ആ പാര്‍ട്ടിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ തന്നെ ധാരാളം. മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്നതല്ല ഇത്,’ സഞ്ജയ് റാവത്ത് പറഞ്ഞു.
പ്രസാദ് ലാഡിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു. ഭീഷണിയുടെ സ്വരം ശിവസേനയുടെ അടുത്ത് വിലപ്പോകില്ലെന്നായിരുന്നു ഉദ്ദവ് പറഞ്ഞത്.
‘ഞങ്ങളെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരമൊരു നീക്കത്തിന് മുതിരുമ്പോള്‍ തിരിച്ചടി കിട്ടിയാല്‍ അത് താങ്ങാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് മാത്രമെ പറയുന്നുള്ളു,’ എന്നായിരുന്നു ഉദ്ദവ് പറഞ്ഞത്.
എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ദവിന്റെ പ്രതികരണം. അതിനിടെ ശിവസേന ആസ്ഥാന മന്ദിരം തകര്‍ക്കുമെന്ന പ്രസ്താവന താന്‍ പിന്‍വലിക്കുന്നതായി എം.എല്‍.എ പ്രസാദ് ലാഡ് അറിയിച്ചു. വിഷയത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.