| Monday, 8th August 2022, 3:12 pm

പത്ര ചൗള്‍ കുംഭകോണ കേസ്: സഞ്ജയ് റാവത്തിനെ 14ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പത്രചൗള്‍ ഭൂമി തട്ടിപ്പ് കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. ആഗസ്റ്റ് 22 വരെയായിരിക്കും റാവത്ത് കസ്റ്റഡിയില്‍ തുടരുക. അതേസമയം റാവത്തിന്റെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജയ് റാവത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ റാവത്തിന് വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണവും മരുന്നുകളും സ്വീകരിക്കാന്‍ അനുമതിയുണ്ട്. വിശ്രമിക്കാന്‍ കിടക്ക വേണമെന്ന റാവത്തിന്റെ ആവശ്യത്തില്‍ കോടതി പ്രതികരിച്ചിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

റാവത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആര്‍തര്‍ റോഡ് ജയില്‍ സൂപ്രണ്ടിനെ അറിയിക്കണമെന്നും അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

നാല് മാസം മുമ്പ്, മുംബൈയിലെ ഗോരേഗാവിലെ പത്ര ചൗളിന്റെ പുനര്‍വികസനത്തില്‍ 1,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കേസിന്റെ ഭാഗമായി ഇ.ഡി നടത്തിയ അന്വേഷണത്തില്‍ റാവത്തിന്റെ 11 കോടി രൂപയോളം വരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.

2008 ലാണ് അഴിമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. 672 വീടുകളാണ് അന്ന് പത്ര ചാളില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ 672 വാടകക്കാരെയും പുനരധിവസിപ്പിക്കാനും വീടുകള്‍ പുനര്‍നിര്‍മാണം നടത്താനും ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (ജി.എ.സി.പി.എല്‍) കരാര്‍ നല്‍കി. മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എം.എച്.എ.ഡി.എ) പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. അന്ന് ജി.എ.സി.പി.എല്ലും എം.എച്ച്.എ.ഡി.എയും ഒരു ത്രികക്ഷി കരാര്‍ ഒപ്പിട്ടു.

ജി.എ.സി.പി.എല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കുകയും എം.എച്ച്.എ.ഡി.എക്ക് വേണ്ടി ഫ്ളാറ്റുകള്‍ നിര്‍മിക്കുകയും, ബാക്കി സ്ഥലം സ്വകാര്യ ഡെവലപര്‍മാര്‍ക്ക് വില്‍ക്കുകയും ചെയ്യണമെന്നുമായിരുന്നു ആ കരാറില്‍ പറയുന്നത്.

എന്നാല്‍ സഞ്ജയ് റാവത്തിന്റെ അടുത്ത ആളായ പ്രവീണ്‍ റാവത്തും ജി.എ.സി.പി.എല്ലിന്റെ മറ്റു ഡയറക്ടര്‍മാരും എം.എച്ച്.എ.ഡി.എയെ കബളിപ്പിക്കുകയും ഫ്ളോര്‍ സ്പേസ് ഇന്‍ഡക്സ് (എഫ്.എസ്.ഐ) ഒമ്പത് സ്വകാര്യ ഡെവലപര്‍മാര്‍ക്ക് 901.79 കോടി രൂപയ്ക്ക് നല്‍കുകയും ചെയ്തു എന്നാണ് ആരോപണം.

എഫ്.എസ്.ഐ എന്നാല്‍ നിര്‍മാതാക്കള്‍ക്ക് ഒരു പ്രത്യേക ഭൂമിയില്‍ നിര്‍മിക്കാന്‍ കഴിയുന്ന പരമാവധി അനുവദിക്കപ്പെട്ട ഫ്ളോര്‍ ഏരിയയാണ്.

2010 ജൂണില്‍ ജി.എസ്.പി.എല്‍ മെഡോസ് എന്നൊരു പദ്ധതി ആരംഭിക്കുകയും ഫ്ളാറ്റ് വാങ്ങുന്നവരില്‍നിന്ന് ഏകദേശം 138 കോടി രൂപ ബുക്കിങ് തുകയായി വാങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു.

എം.എച്ച്.എ.ഡി.എയെ കബളിപ്പിക്കുകയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ 1039.79 കോടി രൂപ ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സ് കൈക്കലാക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെ ഇ.ഡി ആരോപിക്കുന്നത്. ത്രികക്ഷി കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാകുന്നതുവരെ ഡെവലപര്‍മാര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വാടക നല്‍കണമെന്നുണ്ടായിരുന്നു, എന്നാല്‍ 2014-15 വരെ മാത്രമെ വാടക നല്‍കിയിട്ടുള്ളു എന്നാണ് പറയുന്നത്.

ഹൗസിങ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡില്‍ നിന്ന് പ്രവീണ്‍ റാവത്ത് 100 കോടി രൂപ കൈക്കലാക്കിയെന്നും സഞ്ജയ് റാവത്ത് ഉള്‍പ്പെടെയുള്ള കൂട്ടാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്.

2010ല്‍ പ്രവീണ്‍ റാവത്തിന്റെ ഭാര്യ മാധുരി റാവത്ത് അഴിമതിയിലൂടെ സമാഹരിച്ച 83 ലക്ഷം രൂപ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിന് നല്‍കിയിരുന്നതായും, ഈ പണം കൊണ്ട് ദാദറില്‍ ഫ്ളാറ്റ് വാങ്ങിയെന്നും ഇ.ഡിയുടെ ആരോപണത്തില്‍ പറയുന്നു. അലിബാഗിയെ കിഹിം ബീച്ചില്‍ ഏകദേശം എട്ട് പ്ലോട്ടുകള്‍ വാങ്ങിയതായും ഇ.ഡി ആരോപിക്കുന്നു.

Content Highlight: Sanjay Rawat to continue in judicial custody for 14 days

We use cookies to give you the best possible experience. Learn more