മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമത്വം; ആരോപണവുമായി സഞ്ജയ് റാവത്ത്
national news
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമത്വം; ആരോപണവുമായി സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 1:06 pm

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വമെന്ന് ആരോപണവുമായി ശിവസേന ഉദ്ധവ് താക്കറെവിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഭരണ കക്ഷിയായ മഹായുതി സഖ്യം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം കാണിക്കുന്നതായാണ് സഞ്ജയ് റാവത്ത് ആരോപിക്കുന്നത്.

തങ്ങളുടെ ചില സീറ്റുകള്‍ മഹായുതി സഖ്യം തട്ടിയെടുത്തുവെന്നും ഉദ്ധവ് താക്കറെ വിഭാഗം ആരോപിക്കുന്നുണ്ട്.

‘അവര്‍ ഞങ്ങളുടെ ചില സീറ്റുകള്‍ മോഷ്ടിച്ചു. ഇത് ജനങ്ങളുടെ തീരുമാനമല്ല. ജനങ്ങള്‍ പോലും ഈ തീരുമാനം അംഗീകരിക്കാന്‍ സാധ്യതയില്ല,’ സഞ്ജയ് റാവത്ത് പറഞ്ഞു.

കൂടാതെ ശിവസേന ഷിന്‍ഡെ വിഭാഗത്തിന് 60 സീറ്റില്‍ മുന്നേറാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അജിത് പവാറിന് 40 സീറ്റുകള്‍ കിട്ടുമോയെന്നും ബി.ജെ.പിക്ക് 125 സീറ്റുകള്‍ കിട്ടുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

അതേസമയം ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആരോപണത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവ് പര്‍വീണ്‍ ധരേക്കര്‍, ജനങ്ങള്‍ രേഖപ്പെടുത്തിയ തെളിവാണിതെന്നും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി ഭരണം പുരോഗതിക്ക് കാരണമായെന്നും ധരേക്കര്‍ പറഞ്ഞു.

നിലവിലുള്ള മഹായുതി സഖ്യത്തിന്‍ 221 സീറ്റുകളിലെ ലീഡില്‍ ബി.ജെ.പിക്ക് മാത്രം 128 മണ്ഡലങ്ങളില്‍ ലീഡുണ്ട്. അതേസമയം മഹാവികാസ് അഘാടി 55 സീറ്റുകളുമായി ഏറെ പിന്നിലാണ്.

Content Highlight: Sanjay Rawat alleges manipulation of Maharashtra election results