| Wednesday, 9th February 2022, 9:36 am

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി, എന്നെ 'ശരിപ്പെടുത്തണമെന്നാണ്' അവര്‍ക്ക് 'ബോസ്' നല്‍കിയ നിര്‍ദേശം; വെങ്കയ്യ നായിഡുവിന് ശിവസേന എം.പിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നേയും കുടുംബത്തേയും വേട്ടയാടുന്നുവെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്. ‘മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്ന ആവശ്യം നിരാകരിച്ചതുകൊണ്ട് വേട്ടയാടപ്പെടുന്നു.

ഇ.ഡിയും മറ്റ് കേന്ദ്രഏജന്‍സികളും തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി മാറിയിരിക്കുകയാണ്. എന്നെ ശരിപ്പെടുത്തണമെന്ന് ബോസ് പറഞ്ഞതായി അവര്‍ തന്നെ വെളിപ്പെടുത്തി,’ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് അയച്ച കത്തില്‍ സഞ്ജയ് റൗട്ട് പറഞ്ഞു.

സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചില്ലെങ്കില്‍ ജയിലിലടക്കുമെന്ന് വരെ തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

‘ഏകദേശം ഒരു മാസം മുമ്പ്, ചില ആളുകള്‍ എന്നെ സമീപിക്കുകയും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ അവരെ സഹായിക്കാന്‍ പറയുകയും ചെയ്തു. സംസ്ഥാനത്തെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നതില്‍ ഞാന്‍ നിര്‍ണായക ഘടകമാകണമെന്ന് അവര്‍ വിചാരിച്ചു.

എന്നാല്‍ അത്തരം രഹസ്യ അജണ്ടയില്‍ പങ്കാളിയാകാന്‍ ഞാന്‍ വിസമ്മതിച്ചു. അതുകൊണ്ട് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് എനിക്ക് ലഭിച്ചത്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരു മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അനുഭവം എനിക്കുണ്ടാകുമന്ന് പറഞ്ഞു.

എന്നെ കൂടാതെ മഹാരാഷ്ട്ര മന്ത്രിസഭയിലെ മറ്റ് രണ്ട് മുതിര്‍ന്ന മന്ത്രിമാരെയും രണ്ട് മുതിര്‍ന്ന നേതാക്കളെയും പി.എം.എല്‍.എ നിയമപ്രകാരം ജയിലിലേക്ക് അയക്കുമെന്നും ഇത് സംസ്ഥാനത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്നും എനിക്ക് മുന്നറിയിപ്പ് നല്‍കി,’ അദ്ദേഹം പറഞ്ഞു.

ഭീഷണികള്‍ മൂലം രാജ്യസഭയില്‍ തനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.

അതേസമയം, മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഇന്ദിരാഗാന്ധിയേയും കടന്നാക്രമിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ച് ‘രണ്ട് ഇന്ത്യ’ പ്രശ്‌നം രാഹുല്‍ ഗാന്ധി വീണ്ടും ഉന്നയിച്ചു.


Content Highlight: sanjay-rauts-sensational-letter-to-rajya-sabha-chairman-on-enforcement-directorate

We use cookies to give you the best possible experience. Learn more