മുംബൈ: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും എന്നാല്‍ കര്‍ണാട-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിന് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് മോദിക്കെതിരെ സഞ്ജയ് റാവത്ത് ആഞ്ഞടിച്ചത്.
സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കര്‍ണാടകയുടെ ഭാഗമായ ബെളഗാവിലേയും സമീപ പ്രദേശങ്ങളിലെയും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ നീണ്ട പോരാട്ടത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു.
70 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് പാര്‍ലമെന്റിനും പരിഹാരം കണ്ടെത്താമെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.
അതേസമയം, അതിര്‍ത്തി പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. ന്യൂദല്‍ഹിയില്‍ വെച്ചയിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും തമ്മില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
ചര്‍ച്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും, ഭരണഘടനാപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്ന് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതായും അമിത് ഷാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ ഇരു സംസ്ഥാനങ്ങളും തമ്മില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തില്ലെന്നും, പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബി.ജെ.പി സര്‍ക്കാരും ബി.ജെ.പി പിന്തുണയോടെ ശിവസേനയിലെ ഒരു വിഭാഗവും ഭരിക്കുന്ന സംസ്ഥാനവും തമ്മില്‍ തര്‍ക്കമുണ്ടായത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം
1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെളഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെളഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.
കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു.
2022 നവംബറില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മെ രംഗത്ത് എത്തിയതോടെയാണ് ഇത് ചൂടേറിയ രാഷ്ട്രീയചര്‍ച്ചകളിലേക്ക് വഴിവെച്ചത്. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വാദപ്രതിവാദങ്ങള്‍ സജീവമായി.
എന്നാല്‍ ഡിസംബറില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിലേക്ക് വരെ ഈ തര്‍ക്കം നീണ്ടു. അക്രമങ്ങള്‍ നടന്നതായി ഇരു വിഭാഗവും ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിസംബര്‍ 13ന് ബെളഗാവിയിലെയും പൂനെയിലെയും പല വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടാകുന്നത്.
Content Highlight: Sanjay Raut slams Modi on Maharashtra-Karnataka boundary row