ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണഘടന നിയമങ്ങളെ എതിര്‍ക്കാന്‍ ചൈനയുടെ സഹായം തേടുമെന്ന് പറയുന്നവരെ അറസ്റ്റ് ചെയ്ത് ആന്‍ഡമാന്‍ ജയിലിലേക്ക് പറഞ്ഞുവിടണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ജമ്മുകശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു റാവത്ത്.
‘ഫറൂഖ് അബ്ദുള്ളയോ മെഹബൂബ മുഫ്തിയോ, ആരായാലും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കാന്‍ ചൈനയുടെ സഹായം തേടണമെന്ന് പറയുന്നവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ആന്‍ഡമാനിലെ തടവറയിലേക്ക് അയക്കണം. പത്ത് വര്‍ഷം ജയിലില്‍ കഴിയാന്‍ ഉത്തരവിടുകയും വേണം. ഇന്ത്യയില്‍ കഴിയാന്‍ അത്തരക്കാര്‍ക്ക് എങ്ങനെ സാധിക്കുന്നു?’ – റാവത്ത് പറഞ്ഞു.
പീപ്പിള്‍സ് അലയന്‍സ് ഗുപ്കര്‍ ഡിക്ലറേഷന്‍ പ്രതിനിധികളായ ഒമര്‍ അബ്ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്ലം വാനി, മുസഫര്‍ ഷാ, വഹീദ് പാര എന്നീ നേതാക്കള്‍ ലഡാക്കിലെ യൂണിയന്‍ ടെറിട്ടറി പ്രദേശമായ കാര്‍ഗിലെത്തിയതിനു തൊട്ടുപിന്നാലെയാണ് റാവത്തിന്റെ ഈ പരാമര്‍ശം.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിനിധി സംഘമാണിത്.
ഓഗസ്റ്റ് അഞ്ചിന് ശേഷം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം കാര്‍ഗിലിലെത്തിയത്. ഗുപ്കര്‍ അലയന്‍സിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ പിന്തുണയും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി ഏഴ് പ്രധാന പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സിന് രൂപം നല്‍കിയത്. അലയന്‍സിന്റെ ചെയര്‍മാനായി ഫാറൂഖ് അബ്ദുള്ളയെയും വൈസ് ചെയര്‍മാനായി മെഹബൂബ മുഫ്തിയെയും തെരഞ്ഞെടുത്തു.