| Sunday, 20th September 2020, 2:06 pm

ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യില്ലെന്ന് കേന്ദ്രത്തിന് ഉറപ്പുനല്‍കാന്‍ സാധിക്കുമോ? കര്‍ഷകബില്ലില്‍ സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കര്‍ഷകബില്‍ പാസാക്കുന്നതിലൂടെ രാജ്യത്തെ ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യില്ലെന്ന് കേന്ദ്രത്തിന് ഉറപ്പുനല്‍കാന്‍ സാധിക്കുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

‘ഓരോ നിമിഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍ നിങ്ങളുടെ ഈ ബില്ലിന് സാധിക്കുമോ? കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ കഴിയുമോ?’ – റാവത്ത് ചൂണ്ടിക്കാട്ടി.

നിലവിലുള്ള എം.എസ്.പി സമ്പ്രദായം എടുത്തുമാറ്റില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത് വെറും കിംവദന്തി മാത്രമാണെന്നും റാവത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ദി ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത് വാര്‍ത്തയായിരുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായി ശിരോമണി അകാലിദള്‍ അംഗമായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്‌സഭയില്‍ നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

കാര്‍ഷികബില്ലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധസമരങ്ങളാണ് പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളായി നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുമെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ ബില്ലിനെ എതിര്‍ക്കുമെന്നും ശിരോമണി അകാലിദള്‍ പാര്‍ട്ടി അധ്യക്ഷനായ സുഖ്ബീര്‍ ബാദല്‍ അറിയിച്ചിരുന്നു.

കാര്‍ഷിക ബില്ലിനെ ആദ്യം പിന്തുണച്ച അകാലിദള്‍ പഞ്ചാബില്‍ ബില്ലിനെതിരെ സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതുവരെ ബില്ലുമായി മുന്നോട്ടുപോകരുതെന്ന് ബി.ജെ.പിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: sanjay raut slams farm bills

We use cookies to give you the best possible experience. Learn more