മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയതില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് കൊറോണയ്‌ക്കെതിരെയുള്ള യുദ്ധമാണ്. ഇന്ത്യ-പാക് യുദ്ധമല്ലെന്ന് ബി.ജെ.പി നേതാക്കള്‍ മനസ്സിലാക്കണം. കൊവിഡിനെതിരെയുള്ള യുദ്ധത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയായിരുന്നയാളാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റെന്താണ് വഴി?’, റാവത്ത് പറഞ്ഞു.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെയും റാവത്ത് രൂക്ഷമായി വിമര്‍ശനമുന്നയിച്ചു.
‘ദല്‍ഹിയില്‍ ഇരുന്ന് അദ്ദേഹം വെറുതേ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ വന്ന് കാര്യങ്ങള്‍ പഠിച്ചിട്ട് വേണം സംസാരിക്കാന്‍’, റാവത്ത് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്,ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട്, കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sanjay Raut Slams bjp Over Covid