| Sunday, 11th October 2020, 2:59 pm

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അമിത് ഷാ നിയന്ത്രിക്കണം; യഥാര്‍ഥ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ശിവസേനയ്ക്ക് സംവിധാനങ്ങളുണ്ടെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം.

ശുദ്ധീകരണം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തുടങ്ങാന്‍ ഷാ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ സര്‍ക്കാരിന് ഉടന്‍ തന്നെ തിരിച്ചടിയാകും- റാവത്ത് പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിക്കാന്‍ കാരണം സോഷ്യല്‍ മീഡിയ പ്രചരണങ്ങളായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും സമൂഹ മാധ്യമങ്ങളില്‍ മോശക്കാരായി ചിത്രീകരിച്ചായിരുന്നു പ്രചരണമെന്നും റാവത്ത് പറഞ്ഞു.

അതേസമയം യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശിവസേനയ്ക്ക് വേറേ സംവിധാനങ്ങള്‍ ഉണ്ടെന്നും സഞ്ജയ് പറഞ്ഞു. രാഹുലിനെ പരിഹസിച്ച മോദിയെ സോഷ്യല്‍ മീഡിയ കണക്കറ്റ് ആക്ഷേപിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.

മുംബൈ പൊലീസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഏകദേശം 80,000ത്തോളം അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം. സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെതിരെ പ്രചാരണം നടത്താന്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയതായി മുംബൈ സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു.

മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ അവിശ്വാസം ജനിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്താനായി ജൂണ്‍ 14 മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏകദേശം 80,000ത്തിലധികം വ്യാജ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നാണ് മുംബൈ സൈബര്‍ പൊലീസ് പറഞ്ഞത്.

മുംബൈ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഓണ്‍ലൈന്‍ ക്യാംപയിനായിരുന്നു ഇതെന്നും ഇത്തരത്തില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Sanjaya Raut Slams Amith sha

We use cookies to give you the best possible experience. Learn more