മുംബൈ: തന്നെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി അറിയിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷം തനിക്ക് പിന്തുണയറിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് റാവത്ത്. പ്രയാസകരമായ സമയങ്ങളിലാണ് ആരൊക്കെയാണ് കൂടെയുണ്ടാകുക എന്ന കാര്യം മനസിലാകുകയെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് റാവത്ത് ഒപ്പ് പതിപ്പിച്ച കത്ത് കഴിഞ്ഞ ദിവസം ശിവസേന എം.പിയും ശിവസേന വക്താവുമായ പ്രിയങ്ക ചതുര്‍വേദി പുറത്തുവിട്ടിരുന്നു. ഈ കത്തിലാണ് റാവത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ്, എന്‍.സി.പി, ടി.എം.സി, ആം ആദ്മി പാര്‍ട്ടി, സി.പി.ഐ.എം, സി.പി.ഐ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളോടാണ് റാവത്ത് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
‘കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയത്താണ് വിശ്വാസിക്കാന്‍ സഖ്യകക്ഷികള്‍ ആരൊക്കെയാണെന്ന കാര്യം വ്യക്തമാകുക,’ റാവത്ത് കത്തില്‍ കുറിച്ചു.
‘രാഷ്ട്രീയ ‘മന്ത്രവാദ വേട്ടയ്ക്കിടയിലും, കേന്ദ്ര സര്‍ക്കാര്‍ എനിക്ക് നേരെ നടത്തുന്ന മനപ്പൂര്‍വമായ ആക്രമണങ്ങള്‍ക്കിടയിലും എന്നെ പിന്തുണക്കുന്നവരോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും. ആരുടേയും സമ്മര്‍ദ്ദത്തിന് ഞാന്‍ വഴങ്ങില്ല. ഈ പോരാട്ടം തതുടരുക തന്നെ ചെയ്യും,’ റാവത്ത് കത്തില്‍ കുറിച്ചു.
ആഗസ്റ്റ് ഒന്നിനാണ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പത്ര ചൗള്‍ കുംഭകോണ കേസിലായിരുന്നു റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് എട്ട് വരെയായിരിക്കും റാവത്ത് കസ്റ്റഡിയില്‍ തുടരുക.
സഞ്ജയ് റാവത്തിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെ ആഗസ്റ്റ് ഒന്ന് അര്‍ധരാത്രിയോടെയായിരുന്നു റാവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നാല് ദിവസം റാവത്തിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
അതേസമയം സഞ്ജയ് റാവത്താണ് ശരിയായ ശിവസൈനികനെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
തെലുങ്ക് ചിത്രമായ പുഷ്പയിലെ ‘ജൂഖേക നഹി (കുമ്പിടുകയില്ല)’ എന്ന ഡയലോഗ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം.
‘പുഷ്പ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട്- ‘ജൂഖേക നഹി’. യഥാര്‍ത്ഥത്തില്‍ ശരിയായ ശിവസൈനികന്‍ സഞ്ജയ് റാവത്ത് ആണ്. അങ്ങനെ ആരുടെ മുമ്പിലും കുമ്പിടുകയില്ല എന്ന് പറഞ്ഞ പലരും ഇന്ന് മറുകണ്ടം ചാടിയിരിക്കുകയാണ്. അതല്ല ഒരിക്കലും ബാലാസാഹെബ് താക്കറെ കാണിച്ചു തന്ന പാത. റാവത്ത് ശരിയായ ശിവസൈനികന്‍ തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Sanjay Raut says thanks to opposition parties for supporting him amid tough times