| Wednesday, 2nd December 2020, 2:58 pm

തെന്നിന്ത്യന്‍ സിനിമാ വ്യവസായവും വലുതാണ്, അവിടെയും യോഗി ചര്‍ച്ച നടത്തുമോ?; മുംബൈയിലെ ഫിലിംസിറ്റി മാറ്റല്‍ എളുപ്പമല്ലെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി ചര്‍ച്ചചെയ്തതിന് പിന്നാലെയാണ് ശിവസേനാ നേതാവിന്റെ പ്രതികരണം.

‘മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. സൗത്ത് ഇന്ത്യന്‍ സിനിമാ വ്യവസായവും വലുതാണ്. പശ്ചിമ ബംഗാളിലും പഞ്ചാബിലും ഫിലിംസിറ്റികളില്ലേ? യോഗിജി അവിടെ ചെന്ന് സംവിധായകരോടും നടന്മാരോടും ചോദിക്കുമോ അതോ ഇത് മുംബൈക്ക് മാത്രം സംഭവിക്കാന്‍ പോകുന്നതാണോ?,’ സഞ്ജയ് റാവത്ത് ചോദിച്ചു.

യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നടന്‍ അക്ഷയ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.

ഖൊരഖ്പൂര്‍ എം.പിയും മുതിര്‍ന്ന നടനുമായ രവി കിഷനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.

2018 ലെ ഫിലിം പോളിസി പ്രകാരം ചലച്ചിത്ര നിര്‍മാണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ യു.പിയില്‍ കേന്ദ്രീകരിക്കുന്നതോടെ പ്രാദേശിക ഭാഷയിലെ അഭിനേതാക്കള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും വരുമാനമാര്‍ഗ്ഗവും ലഭിക്കും. യു.പിയില്‍ ചിത്രീകരണം നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരുക്കും, യോഗി പറഞ്ഞു.

മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡിലെ മറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

യോഗിയുമായുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. ഇവിടെ ഒരു ഇന്ത്യന്‍ സിനിമാ വ്യവസായം ആവശ്യമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

എന്നാല്‍ യോഗിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു. ചെറുകിട ബിസിനസ് ഗ്രൂപ്പായ ഐ.എം.സി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആരുടെയും പുരോഗതിയില്‍ ഞങ്ങള്‍ക്ക് യാതൊരു അസൂയയുമില്ല. ഞങ്ങളോടൊപ്പം മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരോട് വിരോധവും ഇല്ല. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് നിന്ന് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ല, ഉദ്ദവ് പറഞ്ഞു.

ഇന്ന് ചില ആളുകള്‍ നിങ്ങളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവര്‍ പറയും. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഈ ശക്തമായ സംസ്ഥാനം, ഇവിടുന്ന് പോകുന്നവരെ പൂര്‍ണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്, ഉദ്ദവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanjay Raut said that not easy to shift Mumbai’s film city to another place

We use cookies to give you the best possible experience. Learn more