| Tuesday, 28th June 2022, 2:16 pm

'അവിടെ റെസ്റ്റ് എടുത്തോ, വന്നിട്ട് ഇവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ': സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടി താത്ക്കാലികമായി നിര്‍ത്തിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സുപ്രീം കോടതി വിധി ഏക് നാഥ് ഷിന്‍ഡെയ്ക്കും മറ്റ് വിമതര്‍ക്കും ഗുവാഹത്തിയില്‍ തന്നെ വിശ്രമിച്ചുകൊള്ളാനുള്ള അനുമതിയാണെന്നും തിരിച്ച് മഹാരാഷ്ട്രയിലെത്തിയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോയെന്നുമായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

‘വിമതര്‍ക്ക് ജൂലൈ 11 വരെ ഗുവാഹത്തിയില്‍ തന്നെ റെസ്‌റ്റെടുക്കാനുള്ള അനുമതിയാണ് സുപ്രീം കോടതിയുടേത്. മഹാരാഷ്ട്രയില്‍ വേഗം തിരിച്ചെത്തിയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ഷിന്‍ഡെയോടൊപ്പം പോയ ചിലരെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

‘ഇപ്പോഴും ചില എം.എല്‍.എമാരെ ഞങ്ങള്‍ വിമതരായി കണ്ടിട്ടില്ല. കാരണം അവര്‍ ഇപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ഷിന്‍ഡോയോടൊപ്പം ചേര്‍ന്ന ചിലരെങ്കിലും ഞങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അവരുടെ കുടുംബങ്ങളും ഞങ്ങളുമായി അടുത്ത് ബന്ധം തന്നെയാണുള്ളത്. അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട്,’ അദ്ദേഹം പറഞ്ഞു.

മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതില്‍ ബി.ജെ.പിയോ ഫഡ്‌നാവിസോ ഇടപെടേണ്ടതില്ലെന്നും അങ്ങനെ ചെയ്താല്‍ അത് അവര്‍ക്ക് തന്നെ മോശമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

വിമത എം.എല്‍.എമാരെ അയോഗ്യരാക്കമണമെന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തടഞ്ഞത്. നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലൈ 12 വരെ എം.എല്‍.എമാര്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

ശിവസേനയില്‍ നിന്നും ഏക് നാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്ന 16 വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വലിയുടെ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അയോഗ്യരാക്കാനുളള നടപടിയുമായി മുന്നോട്ടുപോകാനാകുമോ എന്നത് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിമത എം.എല്‍.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.

മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നതിനെതിരെ ഇടക്കാല ഹരജി നല്‍കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബി. പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കാന്‍ തയ്യാറാകാതിരുന്നത്.

Content Highlight: sanjay raut quips on rebel mla’s over supreme court order

We use cookies to give you the best possible experience. Learn more