മുംബൈ: എന്‍.സി.പി അധ്യക്ഷസ്ഥാനത്തു നിന്നും രാജിവെക്കുന്നതായുള്ള ശരദ് പവാറിന്റെ പ്രഖ്യാപനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പവാറിനെ ശിവസേന സ്ഥാപക നേതാവ് ബാല്‍താക്കറെയോട് ഉപമിച്ച് രംഗത്തു വന്നിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ബാല്‍താക്കറെയും വൃത്തികെട്ട രാഷ്ട്രീയത്തിലും ആരോപണത്തിലും മനംമടുത്താണ് അധ്യക്ഷസ്ഥാനം രാജിവെച്ചതെന്നും പവാറിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചതെന്നും സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. പവാറുമായി ഏറെ അടുപ്പമുള്ള നേതാവു കൂടിയാണ് റാവത്ത്.
‘വൃത്തികെട്ട രാഷ്ട്രീയത്തിലും ആരോപണത്തിലും മനംമടുത്താണ് ശിവസേന അധ്യക്ഷന്‍ ബാല്‍താക്കറെയും രാജിവെച്ചത്. ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. എന്നാല്‍ ശിവസൈനികരുടെ സ്നേഹം കാരണം അദ്ദേഹത്തിന് തീരുമാനത്തില്‍ നിന്നും പിറകോട്ട് പോകേണ്ടി വന്നു. ബാല്‍താക്കറെയെ പോലെ തന്നെ ശരദ് പവാറും സംസ്ഥാന രാഷ്ട്രീയത്തിന്റെ ആത്മാവാണ്’, സഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന മാറ്റങ്ങളെ കുറിച്ചുളള സൂചന കൂടിയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. എന്‍.സി.പിയിലുണ്ടായേക്കാവുന്ന ചേരിതിരിവുകളെ കുറിച്ചുളള സൂചനയും സഞ്ജയ് റാവത്ത് നല്‍കുന്നുണ്ട്. പദവി തകര്‍ക്കാന്‍ വ്യക്തികള്‍ക്ക് മേല്‍ സമര്‍ദ്ദമുണ്ടെന്ന് പവാര്‍ തന്നോട് നേരത്തെ വെളിപ്പെടുത്തിയതായിട്ടാണ് സഞ്ജയ് റാവത്ത് പറഞ്ഞത്
പവാറിന്റെ മരുമകന്‍ അജിത് പവാര്‍ എന്‍.സി.പി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിന് പാര്‍ട്ടി വിരാമമിട്ട വേളയിലാണ് ശരദ് പവാറിന്റെ രാജി പ്രഖ്യാപനം.
കഴിഞ്ഞ മാസം അജിത് പവാര്‍ എന്‍.സി.പി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം പുറത്തു വന്നതിന് പിന്നാലെ ശരദ് പവാറിന്റെ മകളും എന്‍.സി.പി എം.പിയുമായ സുപ്രിയ സുലെ മഹാരാഷ്ട്രയിലും ദല്‍ഹിയിലുമായി രാഷ്ട്രീയ സ്ഫോടനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശരദ് പവാറിന്റെ രാജി മുന്‍കൂട്ടി കണ്ടിട്ടാണ് സുപ്രിയയുടെ ഈ പ്രസ്താവനയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് വിട്ടതിന് ശേഷം 1999 ലാണ് പവാര്‍ എന്‍.സി.പി രൂപീകരിച്ചത്. അധ്യക്ഷസ്ഥാനത്തില്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പവാറിന്റെ രാജി പ്രഖ്യാപനത്തിലൂടെ ബി.ജെ.പിയിലേക്ക് ചേക്കേറാനുളള അജിത് പവാറിന്റെ വാതില്‍ തുറന്നിരിക്കുകയാണ്.
Content Highlight: Sanjay Raut on Sharad Pawar’s resignation