| Friday, 7th June 2024, 4:32 pm

ചിലർ വോട്ട് നൽകുമ്പോൾ മറ്റ് ചിലർ കരണത്തടിക്കും; കങ്കണയെ മുഖത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ബി.ജെ.പി നേതാവ് കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ മുഖത്തടിച്ച സംഭവത്തില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചിലര്‍ വോട്ട് നല്‍കുമ്പോള്‍ മറ്റുചിലര്‍ കരണത്തടിക്കുമെന്നാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്.

എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ അവരുടെ അമ്മയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്ന് പറയുന്നുണ്ടെങ്കില്‍ അത് സത്യാമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ഷക സമരത്തില്‍ അവരുടെ അമ്മ ഉണ്ടായിരുന്നുവെങ്കില്‍ ആരെങ്കിലും അതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യയുടെ പുത്രന്മാരും പുത്രിമാരുമായിരുന്നു. ആരെങ്കിലും അവരെ അപമാനിക്കുകയും അത് അവരെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിക്കേണ്ട കാര്യമാണ്,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ജൂണ്‍ ആറിന് ദല്‍ഹിയിലേക്ക് പോകുമ്പോഴാണ് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചത്. പിന്നാലെ ഇവരെ സർവീസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്യുകയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കര്‍ഷകരെ അനാദരവോടെയും അവജ്ഞയോടെയും നോക്കി കാണുന്ന കങ്കണയുടെ നിലപാടിനെതിരെയാണ് തന്റെ പ്രതിഷേധം എന്ന് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞിരുന്നു.

Content Highlight: Sanjay Raut on Kangana being slapped: ‘Some give votes, some give slaps’

Latest Stories

We use cookies to give you the best possible experience. Learn more