| Thursday, 17th June 2021, 7:55 pm

നിങ്ങള്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ചോളൂ, അതിന് ശേഷമുള്ള കാര്യങ്ങള്‍ എന്‍.സി.പിയും ഞങ്ങളും തീരുമാനിക്കും; കോണ്‍ഗ്രസിനോട് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന മുംബൈ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒറ്റയ്ക്ക് മത്സരിക്കേണ്ടവര്‍ക്ക് മത്സരിക്കാമെന്നും സഖ്യത്തില്‍ ബാക്കിയുള്ള പാര്‍ട്ടികള്‍ അപ്പോള്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

‘മഹാവികാസ് അഘഡിയിലെ ഒരു സുഹൃത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറയുന്നു തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്. അവര്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കും, പക്ഷെ അവര്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കണം. നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതിന് ശേഷം ബാക്കിയുള്ള രണ്ട് പാര്‍ട്ടികള്‍ ഭാവിയെക്കുറിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചോളാം,’ സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയോടെ എന്‍.സി.പി-ശിവസേന സഖ്യം സിവിക് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

അതേസമയം പടോലെയുടെ പ്രസ്താവനയ്‌ക്കെതിരെ എന്‍.സി.പിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത് സോണിയ ഗാന്ധിയും ശരദ് പവറാും ഉദ്ദവ് താക്കറെയും ചേര്‍ന്നായിരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ പറഞ്ഞു.

2024 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു പടോലെയുടെ പരാമര്‍ശം. ഹൈക്കമാന്റ് അനുവദിച്ചാല്‍ താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തില്‍ ബി.ജെ.പിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sanjay Raut on Congress Maha Vikas Akhadi NCP Shivsena

We use cookies to give you the best possible experience. Learn more