മുംബൈ: വരാനിരിക്കുന്ന മുംബൈ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒറ്റയ്ക്ക് മത്സരിക്കേണ്ടവര്‍ക്ക് മത്സരിക്കാമെന്നും സഖ്യത്തില്‍ ബാക്കിയുള്ള പാര്‍ട്ടികള്‍ അപ്പോള്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
‘മഹാവികാസ് അഘഡിയിലെ ഒരു സുഹൃത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറയുന്നു തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്. അവര്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കും, പക്ഷെ അവര്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കണം. നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതിന് ശേഷം ബാക്കിയുള്ള രണ്ട് പാര്‍ട്ടികള്‍ ഭാവിയെക്കുറിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചോളാം,’ സഞ്ജയ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയോടെ എന്‍.സി.പി-ശിവസേന സഖ്യം സിവിക് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം പടോലെയുടെ പ്രസ്താവനയ്‌ക്കെതിരെ എന്‍.സി.പിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത് സോണിയ ഗാന്ധിയും ശരദ് പവറാും ഉദ്ദവ് താക്കറെയും ചേര്‍ന്നായിരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ പറഞ്ഞു.