| Monday, 7th September 2020, 9:02 am

അഹമ്മദാബാദ് മിനി പാകിസ്ഥാനെന്ന് സഞ്ജയ് റാവത്ത്; പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഹമ്മദാബാദിനെ മിനി പാകിസ്ഥാനെന്ന് വിളിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരസ്യമായി മാപ്പ് പറയണമെന്നാവശ്യവുമായി ബി.ജെ.പി. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളെ അപമാനിക്കുന്നതാണ് റാവത്തിന്റെ ഈ പ്രസ്താവനയെന്ന് ഗുജറാത്ത് ബി.ജെ.പി മുഖ്യവക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.

നടി കങ്കണ റണൗത്തുമായുള്ള വാക്‌പോരിനിടയിലാണ് സഞ്ജയ് റാവത്ത് അഹമ്മദാബാദിനെ പറ്റി പരാമര്‍ശിച്ചത്. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച കങ്കണയ്ക്ക് അഹമ്മദബാദിനെ മിനി പാകിസ്ഥാന്‍ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഈ വിവാദങ്ങള്‍ക്കിടയില്‍ എന്തിനാണ് അഹമ്മദാബാദിനെ വലിച്ചിഴയ്ക്കുന്നതെന്നാണ് ബി.ജെ.പി യുടെ ചോദ്യം.

റാവത്ത് ഗുജറാത്തിനോടും അഹമ്മദാബാദിലെ ജനങ്ങളോടും മാപ്പ് പറയണം. അതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല- ഭരത് പാണ്ഡ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി ഗുജറാത്തിനെ അപമാനിക്കുന്ന തരത്തില്‍ ശിവസേനാ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ നേതാക്കളോടും ജനങ്ങളോടും ശിവസേന നേതാക്കള്‍ക്ക് അസൂയയാണെന്നും പാണ്ഡ്യ കുറ്റപ്പെടുത്തി.

സര്‍ദാര്‍ പട്ടേലിന്റെയും ഗാന്ധിജിയുടെയും ജന്മസ്ഥലമാണ് ഗുജറാത്ത്. ഇന്ത്യന്‍ സംസ്ഥാന പുനസംഘടനയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് പട്ടേല്‍. ഇന്ത്യ എന്ന രാജ്യത്തെ അദ്ദേഹം കരുത്തുറ്റതാക്കി. അദ്ദേഹത്തിന്റെ സ്വപ്‌നമായ കശ്മീര്‍ സംയോജനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടി നടപ്പാക്കി. അവരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഇത് ശിവസേന നേതാക്കള്‍ പലപ്പോഴും മറന്നുപോകുന്നു- പാണ്ഡ്യ പറഞ്ഞു.

മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതില്‍ മാപ്പ് പറയാന്‍ കങ്കണ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

അവര്‍ മഹാരാഷ്ട്രയോട് മാപ്പ് പറയാന്‍ തയ്യാറായാല്‍ ബാക്കിയുള്ളകാര്യത്തെ പറ്റി ആലോചിക്കാം. അവരാണ് മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ചത്. ഇതേ ധൈര്യത്തോടെ അഹമ്മദാബാദിനെപ്പറ്റി എന്തെങ്കിലും പറയുമോ? റാവത്ത് പറഞ്ഞു.

ഇത് മഹാരാഷ്ട്രയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും റാവത്ത് പറഞ്ഞു. തന്റെ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറഞ്ഞേ മതിയാകുവെന്നും റാവത്ത് പറഞ്ഞു.

മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണയ്ക്ക് നേരേ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുകയാണ്. ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

ശിവസേനയെ നേരിടാന്‍ കങ്കണയെ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു. ദി പ്രിന്റിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബി.ജെ.പിയുടെ പുതിയ ആയുധമാണ് കങ്കണ. ഇതിലൂടെ ശിവസേനയെ രാഷ്ട്രീയപരമായി തറപറ്റിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കങ്കണയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത് ബി.ജെ.പി ഐ.ടി സെല്ലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ എന്നെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാണ് ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന്- സര്‍നായിക് പറഞ്ഞു.

നേരത്തേ നടി കങ്കണ റണൗത്ത് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ശിവസേനാ നേതാക്കള്‍ നടിക്കെതിരെ രംഗത്തു വന്നിരുന്നു.

ഈ സാഹചര്യത്തില്‍ കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

‘കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണം, സ്വതന്ത്രമായി വെളിപ്പെടുത്തല്‍ നടത്താന്‍ കങ്കണയ്ക്ക് കഴിയണം,’ അനില്‍ വിജ് എ.എന്‍.ഐ യോട് പറഞ്ഞു.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: sanjay raut must apologise says bjp

We use cookies to give you the best possible experience. Learn more