ന്യൂദല്‍ഹി: ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരസ്യമായി നൃത്തം ചെയ്യുന്നെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.
സാധാരണ വേഷത്തില്‍ റോഡിലൂടെ നൃത്തം ചെയ്യുന്ന വീഡിയോയിലെ വ്യക്തി സഞ്ജയ് റാവത്ത് ആണ് എന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ബോളിവുഡ് നടി കങ്കണ റണൗത്തും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും നടിയുടെ വരവ് ആഘോഷിക്കാന്‍ സഞ്ജയ് റാവത്ത് തന്നെ നൃത്തപരിപാടിയൊരുക്കി ആഘോഷിക്കുകയാണെന്ന നിലയിലാണ് പലരും വീഡിയോ ഷെയര്‍ ചെയ്തത്.
എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിലുള്ളത് സഞ്ജയ് റാവത്ത് അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാവത്തിന്റെ മുഖഛായയുള്ള വീഡിയോയിലെ വ്യക്തി ഒരു പൊലീസുകാരനാണെന്ന് ഫാക്ട്‌ചെക്ക് സെറ്റായ ബൂംലൈവ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ പര്‍ബാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ ഭടാര്‍ഗെയാണ് വീഡിയോയിലുള്ളത്.
സിവില്‍ വേഷം ധരിച്ച അദ്ദേഹം നൃത്തം ചെയ്യുന്ന രംഗങ്ങളാണ് റാവത്തിന്റേത് എന്ന നിലയില്‍ പ്രചരിക്കപ്പെടുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് ഈ വീഡിയോ വ്യാപകമായ ഷെയര്‍ ചെയ്യപ്പെടുന്നത്.
കങ്കണയെ സ്വാഗതം ചെയ്യാന്‍ നൃത്തം ചെയ്ത് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര സര്‍ക്കാരിന് തന്നെ നാണക്കേട് എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചത്.
2019 നവംബര്‍ 20 ന് എടുത്ത വീഡിയോയാണിത്. പര്‍ബാനിയിലെ സുഹൃത്തിന്റെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ലക്ഷ്മണ്‍ നൃത്തം ചെയ്യുന്ന ഭാഗമാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.
ആ സമയത്ത് തന്നെ പലരും തന്നോട് സഞ്ജയ് റാവത്തിന്റെ ഛായയുണ്ടെന്നും സെല്‍ഫിയെടുത്തോട്ടെയെന്നും ചോദിച്ചിരുന്നതായി ലക്ഷ്മണ്‍ ബൂം ലൈവിനോട് പറഞ്ഞു.
ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പഴയ വീഡിയോ ഉപയോഗിക്കപ്പെടുകയായിരുന്നുവെന്നാണ് തോന്നുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
CONTENT HIGHLIGHTS: sanjay raut dancing video fake news