| Monday, 19th April 2021, 11:43 am

കൊവിഡ് വ്യാപനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്തണം; രാജ്യത്ത് യുദ്ധസമാന സാഹചര്യമെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാകുകയാണെന്നും എല്ലാ സംസ്ഥാനങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് പറയുന്നതെന്നും റാവത്ത് പറഞ്ഞു.

‘വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് എല്ലാവര്‍ക്കും തങ്ങളുടെ സംസ്ഥാനത്തെ സ്ഥിതി വെളിപ്പെടുത്താനുള്ള അവസരമൊരുക്കണം,’ റാവത്ത് പറഞ്ഞു.

രാജ്യത്ത് യുദ്ധസമാന സാഹചര്യമാണെന്നും പ്രതിരോധ സംവിധാനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആശങ്കകളുണ്ടെന്നും റാവത്ത് പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗികളുടെ പ്രതിദിനരോഗമുക്തിനിരക്കും കുത്തനെ കുറയുകയാണ്. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതയില്‍ കുത്തനെ കുറവ് രേഖപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ വില്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഓക്സിജന്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഡിമാന്‍ഡ് സപ്ലൈ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ്, ഡിമാന്‍ഡ് കുറയ്ക്കുക എന്നത്. കൊവിഡ് രോഗവ്യാപനം തടയേണ്ടത് സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ നിറവേറ്റണം”, പിയൂഷ് ഗോയല്‍ പറഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ പാഴാക്കുന്നത് ഒഴിവാക്കണമെന്നും പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.

അതേസമയം മഹാരാഷ്ട്രയിലും, ദല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതീവഗുരുതരമാണ്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവര്‍ദ്ധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ ഒരു ദിവസം 68,631 പുതിയ രോഗികള്‍ രേഖപ്പെടുത്തിയപ്പോള്‍, ദല്‍ഹിയില്‍ 25,462 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബെംഗളുരുവില്‍ ഇന്നലെ മാത്രം രേഖപ്പെടുത്തിയത് 12,793 കേസുകളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sanjay Raut Calls For Special Parliament Session To Discuss Covid 19

Latest Stories

We use cookies to give you the best possible experience. Learn more