| Thursday, 14th November 2019, 1:47 pm

'ബി.ജെ.പി-ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ'; ഷായെ തള്ളിയും മോദിയെ തലോടിയും സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ ഉദ്ധവ് താക്കറെ പ്രചാരണം നടത്തിയതിനോടുപോലും അമിത് ഷായ്ക്ക് വിയോജിപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അധികാരം പങ്കുവക്കുന്നതിനെക്കുറിച്ച് താക്കറെയുമായി നടത്തിയ രഹസ്യക്കരാറിനെക്കുറിച്ച് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാത്തതും റാവത്ത് നിശിതമായി വിമര്‍ശിച്ചു.

‘ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും അടുത്ത മഹാരാഷ്ട്രാ മുഖ്യമന്ത്രിയെന്ന് പ്രചരണവേളയില്‍ മോദി പറഞ്ഞതൊക്കെയും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അതേസമയത്തുതന്നെ, ശിവസേനയില്‍നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. അപ്പോഴൊന്നും എന്തുകൊണ്ടാണ് അമിത് ഷാ എതിരഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നത്?’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇല്ലാതിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്? സഞ്ജയ് റാവത്ത് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘രഹസ്യ ചര്‍ച്ചയിലെ കരാറുകളൊന്നും പുറത്ത് ചര്‍ച്ച ചെയ്യരുതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പക്ഷേ, ആ ചര്‍ച്ചകളിലെ കരാറുകളൊന്നും അംഗീകരിക്കാതെ വന്നപ്പോഴാണ് അത് പുറത്ത് ചര്‍ച്ചയായത്’.

‘ഷാ നിര്‍ബന്ധമായും ചര്‍ച്ചയിലെ കാര്യങ്ങള്‍ മോദിയെ അറിയിക്കണമായിരുന്നു. മോദി ഒരു വിശാലമനസിനുടമയാണ്. ഇക്കാര്യങ്ങളെല്ലാം അപ്പപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല’, റാവത്ത് കൂട്ടിച്ചേര്‍ത്തു.

രഹസ്യ ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങളെല്ലാം ശിവസേന പരസ്യമാക്കിയെന്ന അമിതാ ഷായുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more