മുംബൈ: ബി.ജെ.പിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് റൗട്ട്. ശിവസേനയുടെ മുഖ്യശത്രുവാണ് ബി.ജെ.പിയെന്നും സര്‍ക്കാര്‍ നിലകൊള്ളുന്നതിന് വേണ്ടി മാത്രമാണ് അതിന്റെ ഭാഗമായി നില്‍ക്കുന്നതെന്നും റൗട്ട് പറഞ്ഞു.
ജനങ്ങളുടെ അംഗീകാരം കിട്ടുന്നയാളാണ് നേതാവെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാഹുല്‍ഗാന്ധിക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ആളുകള്‍ രാഹുലിനെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും റൗട്ട് പറഞ്ഞു.
കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും വിമര്‍ശിക്കുന്നതിന് പകരം ബി.ജെ.പി തങ്ങളെയാണ് ആക്രമിക്കുന്നതെന്നും റൗട്ട് പറഞ്ഞു. ബി.ജെ.പിയുമായി സഖ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ ശിവസേന തയ്യാറെടുത്തതായും സഞ്ജയ് റൗട്ട് പറഞ്ഞു.
ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ശിവസേന എം.പിയുടെ വിമര്‍ശനം. മോദിയെ തള്ളിപ്പറഞ്ഞും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും റൗട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
“കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ “പപ്പു”വെന്ന് വിളിക്കുന്നത് തെറ്റാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ തരംഗം മങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം ജനങ്ങള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി വലിയ വെല്ലുവിളി നേരിടാന്‍ പോകുകയാണ്.” എന്നായിരുന്നു സഞ്ജയ് റൗട്ടിന്റെ പ്രസ്താവന.