'ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്, എന്നാല്‍ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കാറില്ല'; ബി.ജെ.പിയെ ലക്ഷ്യമിട്ട് സഞ്ജയ് റാവത്ത്
national news
'ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്, എന്നാല്‍ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കാറില്ല'; ബി.ജെ.പിയെ ലക്ഷ്യമിട്ട് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th November 2020, 2:42 pm

മുംബൈ: ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഹിന്ദുത്വം തെളിയിക്കാന്‍ ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയതോടെയാണ് വീണ്ടും പോര് മുറുകിയത്.

ഹിന്ദുത്വത്തിന് കാവലായി ശിവസേന എന്നുമുണ്ടാകും. ഞങ്ങള്‍ ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് തെളിയിക്കാന്‍ വേറൊരു സംഘടനയുടെയും അംഗീകാരം വേണ്ട. ഞങ്ങളെന്നും ഹിന്ദുത്വവാദി തന്നെയാണ്. അത് വെച്ച് മറ്റ് ചില പാര്‍ട്ടികളെപ്പോലെ രാഷ്ട്രീയം കളിക്കാന്‍ ഞങ്ങളില്ല. എപ്പോഴൊക്കെ രാജ്യത്തിന് ഞങ്ങളെ ആവശ്യം വരുന്നുവോ അന്ന് ഞങ്ങളുണ്ടാകും.

ദീര്‍ഘകാലത്തെ അടച്ചിടലിനു ശേഷം മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം.


അതേസമയം ഇതാദ്യമായല്ല ബി.ജെ.പിയ്‌ക്കെതിരെ റാവത്ത് പരസ്യമായി രംഗത്തെത്തുന്നത്. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ ബി.ജെ.പി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ക്കും മറുപടിയുമായെത്തിയത് റാവത്ത് ആയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണര്‍ ഉദ്ദവിന് കത്തയച്ചത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.

‘നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന്‍ ആയിരുന്നു. ആഷാഢ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നെന്നും എന്നാല്‍ ഇവിടെയൊന്നും കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയിരുന്നു.’എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.’ എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി പെരുമാറേണ്ട ഗവര്‍ണറില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഒട്ടും പക്വമല്ലെന്നും വെറും ബി.ജെ.പി വക്താവായി അദ്ദേഹം തരംതാഴ്‌ന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sanjay Raut Slams BJP