മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ വിശദീകരണം.
അവര്‍ 40 മിനിട്ടോളമാണ് സംസാരിച്ചതെന്നും അത് ബി.ജെ.പിയുമായി തങ്ങള്‍ കൈകോര്‍ക്കാന്‍ പോകുന്നുവെന്ന ഊഹാപോഹത്തിന് ഇടയാക്കരുത് എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
‘അവര്‍ രണ്ടു പേരും 40 മിനിട്ടോളം സംസാരിച്ചു. എന്നാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കുമെന്ന ഒരു ഊഹാപോഹങ്ങള്‍ക്കും അടിസ്ഥാനമില്ല. ഞങ്ങളുടെ വഴി രണ്ടാണ്. പക്ഷെ വ്യക്തിപരമായി നല്ല ബന്ധമാണുള്ളത്.
രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. പക്ഷെ വ്യക്തിബന്ധം ശക്തമാണ്,’ സഞ്ജയ് റാവത്ത് പറഞ്ഞു.
പവാര്‍ കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും റാവത്ത് പറഞ്ഞു.
‘നിങ്ങള്‍ ശരദ് പവാറിനെ നോക്കൂ, ഇതാണ് മഹാരാഷ്ട്രയുടെ പാരമ്പര്യം. ഞങ്ങള്‍ എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കും,’ റാവത്ത് കൂട്ടിച്ചേര്‍ത്തു.
മോദിയുമായി ഉദ്ദവ് താക്കറെ കൂടിക്കാഴ്ച നടത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയില്‍ നിന്ന് ശിവസേന പുറത്ത് വന്ന് ബി.ജെ.പിയുമായി സര്‍ക്കാര്‍ ഉണ്ടാക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ശിവസേന നേതാവിന്റെ പ്രതികരണം.