ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് കെ.എല്‍. രാഹുല്‍. ടീമിന്റെ വൈസ് ക്യാപ്റ്റനായ അദ്ദേഹം ടീമിനായി ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. സിംബാബ്‌വേക്കെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റനായാണ് രാഹുല്‍ ടീമില്‍ തിരിച്ചെത്തിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യം രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതിന് ശേഷമാണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്ക് മുന്നോടിയായി പരിക്കേറ്റ രാഹുലിന് ഒരുപാട് മത്സരങ്ങള്‍ പരിക്കും പിന്നീട് കൊവിഡും കാരണം നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ താന്‍ എന്താണെന്ന് സെലക്ടര്‍മാരെ ഒരിക്കല്‍ കൂടെ തെളിയിക്കാനായിരിക്കും അദ്ദേഹം കളത്തില്‍ ഇറങ്ങുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.
സ്‌പോര്‍ട്‌സ് 18ന്റെ ഷോയില്‍ സിംബാബ്‌വെ പരമ്പരയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലായിരിക്കും പരമ്പരയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. റണ്‍സിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആര്‍ത്തി തീര്‍ന്നിട്ടില്ല എന്ന് സെലക്ടര്‍മാരെ തെളിയിക്കാനും രാഹുല്‍ ശ്രമിക്കുമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
‘ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തുന്ന കെ.എല്‍.രാഹുലായിരിക്കും പരമ്പരയിലെ ശ്രദ്ധാകേന്ദ്രം. ഏഷ്യാ കപ്പ് 2022, ഐ.സി.സി ടി-20 ലോകകപ്പ് 2022 എന്നിവക്ക് മുമ്പായി അദ്ദേഹത്തിന് റണ്‍സ് ആവശ്യമാണ്. റണ്‍സിനായുള്ള അദ്ദേഹത്തിന്റെ വിശപ്പ് മാറിയിട്ടില്ലെന്ന് സെലക്ടര്‍മാരെ തെളിയിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്,” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഐ.പി.എല്ലിന് ശേഷം ഒരു മത്സരത്തില്‍ പോലും അദ്ദേഹം കളിച്ചിട്ടില്ല. പരിക്കും കൊവിഡുമാണ് അദ്ദേഹത്തിന് വിനയായി നിന്നത്. ധവാന്റെ കൂടെ രാഹുല്‍ തന്നെ ടീമിനായി ഓപ്പണിങ് ഇറങ്ങണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.