ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക് പാണ്ഡ്യ. നിര്‍ണായക മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുക്കാന്‍ 28ക്കാരനായ ഹര്‍ദിക്കിന് സാധിക്കാറുണ്ട്.
മറ്റു താരങ്ങളേക്കാള്‍ പാകിസ്ഥാനെതിരെ കൂടുതല്‍ മികച്ച കളി പുറത്തെടുക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പാകിസ്ഥാനെതിരെ മിന്നും പ്രകടനം പാണ്ഡ്യ നടത്തിയിട്ടുണ്ട്. 2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 43 പന്തില്‍ നിന്നും 76 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പാകിസ്ഥാനുമെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഒരു ടിവി ഷോയില്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടറായ ഷദാബ് ഖാനും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് പറയുകയുണ്ടായി.
ഹര്‍ദിക് സ്പിന്നിനെതിരെ മികച്ച ബാറ്റിങ്ങാണെന്നും അതുകൊണ്ട് ഷദാബിന്റെ ബൗളിങ്ങിനെ പേടിക്കേണ്ടതില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
‘ഷദാബ് ഒരു മികച്ച ബൗളറാണ്, എന്നാല്‍ ഹാൃര്‍ദിക് സ്പിന്‍ കളിക്കുന്നതില്‍ വളരെ മികച്ച താരമാണ്. പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് എനിക്ക് തോന്നുന്നു.’ മഞ്ജരേക്കര്‍ പറഞ്ഞു.
പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റനായ ഷദാബ് ഖാന്‍ 64 ടി-20 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഷദാബിന് ഒരു വിക്കറ്റ് നേടാനും സാധിച്ചിട്ടുണ്ട്.
സ്പിന്നിനെതിരം മികച്ച റെക്കോഡുള്ള ഹര്‍ദിക്കിന് പേസ് ബൗളിങ്ങിനെതിരെ കളിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഹര്‍ദിക്കിന്റെ പേസ് ബൗളിങ്ങിനെതിരെയുള്ള പരുങ്ങല്‍ കുറച്ചുകാലം മുമ്പ് ചര്‍ച്ചാവിഷയമായിരുന്നു.
‘പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ പരുങ്ങാറുണ്ട്. എന്നാല്‍ അവന്‍ സ്പിന്‍ നന്നായി കളിക്കും, പക്ഷേ പാക് പേസര്‍മാര്‍ അവനെ ബുദ്ധിമുട്ടിക്കുമെന്ന് എനിക്ക് തോന്നുന്നു,’ ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 28ന് ദുബായ് അന്തരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അരങ്ങേറുക.