| Monday, 29th August 2022, 12:25 pm

എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ? മത്സരശേഷം ജഡേജയോട് സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഒരുപാട് കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറി കടക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രവീന്ദ്ര ജഡേജ വിരാട് കോഹ്‌ലി എന്നിവര്‍ 35 റണ്‍സ് വീതം നേടി ടോപ് സ്‌കോറര്‍മാരായപ്പോള്‍ 17 പന്തില്‍ 33 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹം തന്നെയായിരുന്നു കളിയിലെ താരവും.

നേരത്തെ ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടിയപ്പേള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 42 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനായിരുന്നു പാകിസ്ഥാന്റെ ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ എല്ലാ ആവേശവും ആദ്യ പന്ത് മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.

ഓപ്പണര്‍ രാഹുലിനെ നേരത്തെ നഷ്ടമായ ഇന്ത്യ ആദ്യ ഓവറുകളില്‍ താളം കണ്ടെത്താന്‍ പാട് പെട്ടിരുന്നു. എന്നാല്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലി ഇന്ത്യയെ പതിയെ ട്രാക്കിലാക്കുകയായിരുന്നു. എന്നാല്‍ ഒരു ഓവറില്‍ വിരാടിനെയും രോഹിത്തിനെയും പറഞ്ഞയച്ച് നവാസ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.

രോഹിത് ക്രീസ് വിട്ടതിന് ശേഷം ക്രീസിലെത്തിയത് ജഡേജയായിരുന്നു. റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതതിനാല്‍ ഒരു ലെഫ്റ്റ് ഹാന്‍ഡറെ മിഡില്‍ ഓര്‍ഡറില്‍ കളിപ്പിക്കണമെന്ന ടാക്റ്റിക്‌സിലായിരുന്നു അദ്ദേഹത്തെ പ്രൊമോട്ട് ചെയ്തത്. ജഡേജയെ നേരത്തെ ഗ്രൗണ്ടില്‍ കണ്ടപ്പോള്‍ ആരാധകര്‍ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ മികച്ച ഇന്നിങ്‌സ് കളിച്ചതിന് ശേഷമാണ് അദ്ദേഹം ക്രീസ് വിട്ടത്.

മത്സര ശേഷം പ്രസന്റേഷന്‍ ചടങ്ങില്‍ സംസാരിക്കാന്‍ ജഡേജ എത്തിയിരുന്നു. അദ്ദേഹത്തിനെ ഇന്റര്‍വ്യൂ എടുക്കാന്‍ എത്തിയത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്.

അദ്ദേഹം ആദ്യം തന്നെ ചോദിച്ചത് നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്നായിരുന്നു. ഇതിന് ചിരിച്ചുകൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നാണ് ജഡേജ മറുപടി കൊടുത്തത്.

2019 ഏകദിന ലോകകപ്പ് നടന്നുകൊണ്ടിരുന്നപ്പോള്‍ ജഡേജയെ ‘ബിറ്റ്‌സ് ആന്‍ഡ് പീസ്’ പ്ലെയറെന്ന് മഞ്ജരേക്കര്‍ മുദ്രകുത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ന്യൂസിലാന്‍ഡിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ മികച്ച ഇന്നിങ്‌സ് കളിച്ചായിരുന്നു അദ്ദേഹം അന്ന് മറുപടി കൊടുത്തത്.

പിന്നീട് ജഡേജയുടെ കരിയറില്‍ വെച്ചടി കയറ്റമായിരുന്നു. ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും നല്ല കാലമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം. ഇനിയും ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജഡേജയുടെ വളര്‍ച്ച തന്നെയാണ് മഞ്ജരേക്കറിന് അദ്ദേഹം നല്‍കിയ ഏറ്റവും നല്ല മറുപടി.

Content Highlight: Sanjay Manjrekkar and Ravindra Jadeja funny talk at interview

We use cookies to give you the best possible experience. Learn more