Sports News
നിന്റെ ഏറ്റവും വലിയ എതിരാളിയില്‍ നിന്നും പഠിക്കൂ കുല്‍ദീപേ; നിര്‍ദേശവുമായി മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 13, 10:30 am
Thursday, 13th February 2025, 4:00 pm

പന്തെറിയുമ്പോള്‍ വേഗത കണ്‍ട്രോള്‍ ചെയ്യുന്ന രീതി ഇംഗ്ലണ്ട് സൂപ്പര്‍ താരം ആദില്‍ റഷീദില്‍ നിന്നും പഠിക്കാന്‍ കുല്‍ദീപ് യാദവിനോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കേവലം വേഗതകൊണ്ട് മാത്രം കാര്യമില്ലെന്നും പന്ത് കൃത്യമായ വേരിയേഷനുകള്‍ ഉണ്ടാകണമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ കുല്‍ദീപ് യാദവ് കളത്തിലിറങ്ങിയിരുന്നു. വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായാണ് താരം പന്തെറിയാനെത്തിയത്.

 

എട്ട് ഓവറില്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും താരത്തിന്റെ പ്രകടനത്തില്‍ ആശങ്ക പ്രകടപ്പിച്ചാണ് മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

‘കുല്‍ദീപ് യാദവ് പന്തെറിയുന്ന വേഗതയില്‍ എന്നെ അല്‍പ്പം ആശങ്കപ്പെടുത്തുന്നു. അവന്‍ എത്ര പതുക്കെയാണ് ഇപ്പോള്‍ പന്തെറിയുന്നത്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ അവന്‍ ചില വിട്ടുവീഴ്ചകള്‍ നടത്തി.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ അയാള്‍ക്ക് വേഗത്തില്‍ പന്തെറിയേണ്ടി വരും. എന്നാലിപ്പോള്‍ അവന്‍ വേരിയേഷനുകളില്ലാതെ വേഗത്തില്‍ പന്തെറിയുക മാത്രമാണ് ചെയ്യുന്നത്. പന്തിന്റെ ടേണുകളാണ് കുല്‍ദീപിന്റെ ഏറ്റവും വലിയ വിജയരഹസ്യം.

എന്നാല്‍ വേഗത്തില്‍ പന്തെറിയാന്‍ ശ്രമിക്കുമ്പോള്‍ കുല്‍ദിപിന് അത് നഷ്ടപ്പെടുന്നു. ഇത് കൂടുതലായും പിച്ചിന്റെ സ്വഭാവത്തെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്നാല്‍ ഇതിന് വിപരീതമായി ഈ പരമ്പരയില്‍ ആദില്‍ റഷീദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, പ്രത്യേകിച്ചും ഇന്ത്യയുടെ ശക്തിയേറിയ ബാറ്റിങ് നിരയെ കണക്കിലെടുക്കുമ്പോള്‍. അവന്‍ നേടിയ വിക്കറ്റുകള്‍ അവന്റെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ്. പല മികച്ച താരങ്ങളുടെ ഡിഫന്‍സ് തകര്‍ക്കാനും അവന് സാധിച്ചു.

 

വേരിയേഷനുകള്‍ക്കൊപ്പം അവന്റെ പന്തുകള്‍ക്ക് 75-85 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. പലപ്പോഴും അവന്റെ വേഗത 90 കിലോമീറ്ററായിരുന്നു.

എന്നാല്‍ കുല്‍ദീപാകട്ടെ 80കളില്‍ തന്നെ പന്തെറിയാനാണ് ശ്രമിച്ചത്. കുല്‍ദീപ് ആദില്‍ റഷീദില്‍ നിന്നും പ്രചോദനുമുള്‍ക്കൊള്ളണമെന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജരേക്കര്‍ പറഞ്ഞു.

 

Content Highlight: Sanjay Manjrekar urges Kuldeep Yadav to take inspiration from Adil Rashid