കോഹ്‌ലിയുടെ ഫിറ്റ്നസ് വേറെ ലെവൽ! മുൻ ഇന്ത്യൻ താരം
വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിലായിരുന്നു വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഈ മികച്ച പ്രകടനത്തെ വിലയിരുത്തികൊണ്ടാണ് വിരാടിന്റെ ഫിറ്റ്നസിനെക്കുറിച്ച് മഞ്ജരേക്കർ പറഞ്ഞത്.
‘കോഹ്‌ലി സെഞ്ച്വറിയിൽ എത്തിയപ്പോൾ ബൗണ്ടറികളിൽ നിന്നും 54 റൺസ് മാത്രമാണ് നേടിയത്. വിക്കറ്റുകൾക്കിടയിലൂടെയുള്ള കഠിനമായ ഓട്ടത്തിലൂടെയാണ് റൺസിന്റെ ഭൂരിഭാഗവും വന്നത്. ചൂടുള്ള സാഹചര്യത്തിൽ അധികം ബാറ്റർമാർക്ക് ഇത് നേരിടാൻ കഴിയില്ല. വിരാടിന്റെ ഫിറ്റ്നസ് അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ഒരു വലിയ ഭാഗമാണ് ! ഇത് മറ്റൊരു മികച്ച ബാറ്റിങ്ങിനെപ്പോലെയല്ല,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മത്സരത്തിൽ 94 പന്തിൽ 122 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഈ അവിസ്മരണീയ ഇന്നിങ്‌സ്. ഇതിൽ 54 റൺസ് മാത്രമാണ് താരം ബൗണ്ടറിയിലൂടെ നേടിയത് ബാക്കിയുള്ള 68 റൺസും നേടിയത് സിംഗിളിലൂടെയും ഡബിൾസിലൂടെയും ആണ്. ഈ ഇന്നിങ്‌സിലൂടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്ക്കുന്ന താരമായി മാറാനും മുൻ ഇന്ത്യൻ നായകന് സാധിച്ചു.
കോഹ്‌ലിക്ക് പുറമെ കെ.എൽ. രാഹുലും മത്സരത്തിൽ സെഞ്ച്വറി നേടി. 106 പന്തുകളിൽ നിന്നും 111 റൺസെടുത്ത കെ എൽ രാഹുലും ഇന്ത്യൻ ടീമിന്റെ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തുന്നതിൽ നിർണായകമായി. 356 എന്ന വലിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ പാക് ടീം 128 റൺസിന് പുറത്താവുകയായിരുന്നു. 228 റൺസിനായിരുന്നു ഇന്ത്യയുടെ മിന്നും വിജയം.
സെപ്റ്റംബർ 15 ന് ബംഗ്ലാദേശിനെരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Story Highlight: Sanjay Manjrekar talking about Virat Kohli fitness.