ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നാല് ഓവര്‍ പിന്നിടുമ്പോള്‍.ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് നേടിയത്.
നിലവില്‍ 20 പന്തില്‍ 26 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡും രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍ മാത്യു ഷോട്ടിന് പകരമെത്തിയ കൂപ്പര്‍ കനോലിയെ പുറത്താക്കി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് നേടിയത് മുഹമ്മദ് ഷമിയാണ്.
എന്നിരുന്നാലും ഓസീസിന് വേണ്ടി മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതോടൊപ്പം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായേക്കാവുന്ന ഹെഡ്ഡിനെ പെട്ടന്ന് പുറത്താക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യ വളരെ പെട്ടന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ് ഹെഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലാണ് താരം അഭിപ്രായം പങ്കുവെച്ചത്.
‘ആരെങ്കിലും ഒരാള്‍ ട്രാവിസ് ഹെഡിനെ പുറത്താക്കണം. ഡ്രസ്സിങ് റൂമിലേക്ക് വളരെ പെട്ടന്ന് തിരിച്ചയാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്ന താരമാണവന്‍, എനിക്കും അതുതന്നെയാണ് നിര്‍ണായക നിമിഷം,’ മഞ്ജരേക്കര്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ ബാറ്ററായ ട്രാവിസ് ഹെഡിന് ഇന്ത്യക്കെതിരെ ഐ.സി.സി. ഇവന്റുകളില്‍ മികച്ച റെക്കോഡുണ്ട്. ജനുവരിയില്‍ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത് ഹെഡ്ഡായിരുന്നു. രണ്ട് സെഞ്ച്വറികളടക്കം 448 റണ്‍സാണ് ഹെഡ് നേടിയത്.
കൂടാതെ, കഴിഞ്ഞ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍സ്ഷിപ്പിലും ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് ഇന്ത്യയുടെ കിരീട മോഹം തകര്‍ത്തത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സെന്ന റെക്കോഡും ഹെഡ്ഡിന്റെ പേരിലാണ്.
മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഷോട്ടിന് പകരക്കാരനായി കൂപ്പര്‍ കോണോളിയും സ്‌പെന്‍സര്‍ ജോണ്‍സണിന് പകരം തന്‍വീര്‍ സാംഗയുമാണ് ടീമില്‍. എന്നാല്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയുള്ള ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.
Content Highlight: Sanjay Manjrekar Talking About Travis Head