സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ താരമാണ് എ.ബി. ഡിവില്ലിയേവ്‌സ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും താരത്തിന്റെ ഐതിഹാസിക പ്രകടനങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍ക്കുന്നതാണ്. ഇപ്പോള്‍ ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍.
ഇന്ത്യന്‍ സൂപ്പര്‍ താരവും ടി-20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിനെയാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്തത്. ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്താല്‍ സൂര്യയെ ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയായി കണക്കാക്കാമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍ ഈ താരതമ്യം ടി-20 ക്രിക്കറ്റില്‍ മാത്രമേ സാധിക്കുമെന്നും മുന്‍ താരം പറഞ്ഞു.
‘ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്താല്‍ സൂര്യകുമാര്‍ ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയാണെന്ന് പറയാം. എന്നാല്‍ ടി-20 ക്രിക്കറ്റില്‍ മാത്രമാണ് ഈ താരതമ്യം നടത്താന്‍ കഴിയുക. ഡിവില്ലിയേഴ്‌സ് ഒരു അസാധ്യ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 50ല്‍ അധികം ബാറ്റിങ് ശരാശരിയുള്ള താരം ഏകദിനത്തിലും ടി-20യിലും കഴിവ് തെളിയിച്ച ഒരു സൂപ്പര്‍ താരമാണ്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടിലും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നേറുകയാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയ്ക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
ആദ്യ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായ സൂര്യ രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ നിന്ന് 12 റണ്‍സ് നേടിയാണ് പുറത്തായത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നാളെ (ചൊവ്വ) നടക്കാനിരിക്കുന്ന മത്സരത്തില്‍ സൂര്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Sanjay Manjrekar Talking About Suryakumar Yadav