ക്രിക്കറ്റ് ആരാധകര്‍ ഏറെ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റാണ് അടുത്ത മാസം ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ എത്തുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണ്, കെ.എല്‍ രാഹുല്‍, റിഷബ് പന്ത് എന്നിവരാണ് നിലവില്‍ ഓപ്ക്ഷനില്‍ ഉള്ളവര്‍. എന്നാല്‍ ആരെ തെരഞ്ഞെടുക്കുമെന്നതിന് ഇതുവരെ വ്യക്തതയില്ല.
ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍. രാഹുല്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി വരണമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. മാത്രമല്ല രാഹുലിന് ബാക്ക് അപ് ഓപ്ക്ഷനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാകണമെന്നും മുന്‍ താരം പറഞ്ഞു. അവസാന ഓവറുകളില്‍ വമ്പന്‍ ഷോട്ട് അടിക്കാനുള്ള കഴിവ് സഞ്ജുവിന് ഉണ്ടെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.
‘രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായി വരണം. സഞ്ജുവിനെ രാഹുലിന്റെ ബാക്കപ്പ് കീപ്പറാക്കണം. ഫോര്‍മാറ്റിന്റെ തുടക്കത്തില്‍ സഞ്ജു അത്ര മികച്ച പ്രകടനം നടത്തിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന് മികച്ച താരമാണ്. അവസാന ഓവറുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള അവന്റെ കഴിവ് ചെറുതല്ല, അതുകൊണ്ട് അവന് ടീമില്‍ വേണം,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
നേരത്തെ പുറത്ത് വന്ന വിവരങ്ങളില്‍ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയില്‍ രാഹുലിന് വിശ്രമം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ പരമ്പരയില്‍ സഞ്ജു സാംസണ് തന്നെയാകും ഫസ്റ്റ് ഓപ്ഷന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള താരത്തിന്റെ വഴികള്‍ തുറന്നേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്. അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Sanjay Manjrekar Talking About Sanju Samson And K.L Rahul