ഇങ്ങനെ പോയാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും പോകും; രോഹിത്തിനും വിരാടിനും മുന്നറിയിപ്പുമായി മഞ്ജരേക്കര്‍
Sports News
ഇങ്ങനെ പോയാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും പോകും; രോഹിത്തിനും വിരാടിനും മുന്നറിയിപ്പുമായി മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 11:29 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അമ്പരപ്പിക്കുന്ന തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആദ്യ ഇന്നിങ്സില്‍ കിവീസ് ഉയര്‍ത്തിയത് 259 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ തന്ത്രം കൊണ്ട് 156 റണ്‍സിന് കിവികള്‍ തകര്‍ക്കുകയായിരുന്നു. ശേഷം രണ്ടാം ഇന്നിങ്സില്‍ കിവീസ് 255 റണ്‍സാണ് നേടിയത്.

ശേഷം 359 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 245 റണ്‍സ് നേടി സ്വന്തം മണ്ണില്‍ തോല്‍വി വഴങ്ങാനാണ് സാധിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെടുന്നത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനം കാഴ്ചവെച്ചാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ രോഹിത് പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ വിരാട് ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ രോഹിത് എട്ട് റണ്‍സ് നേടിയപ്പോള്‍ വിരാട് 17 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം തട്ടകത്തില്‍ 15 മത്സരങ്ങളില്‍ രോഹിത്തിന്റെ നാലാമത്തെ തോല്‍വി കൂടിയാണിത്.

ഇപ്പോള്‍ ഇരുവരുടെയും മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ന്യൂസിലാന്‍ഡിനോടുള്ള അവസാന ടെസ്റ്റിന് ശേഷം ഇന്ത്യയ്ക്ക് ഇനിവരാനുള്ളത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഇതോടെ ഇരുവര്‍ക്കും ഫോമില്ലാത്തത് ടീമില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്.

‘അവരുടെ ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നതാണ്. എന്നിരുന്നാലും, ഓസ്ട്രേലിയയില്‍ അവര്‍ക്ക് വ്യത്യസ്ത വെല്ലുവിളികള്‍ നേരിടേണ്ടിവരും,’അദ്ദേഹം ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയില്‍ പറഞ്ഞു.

റെഡ് ബോളില്‍ ഇരുവരും കഴിഞ്ഞകുറച്ച് കാലങ്ങളായി മികച്ച ഫോമിലല്ല. വിരാട് ടീമിന് വേണ്ടി ഒരു അര്‍ധ സെഞ്ച്വറി നേടിയിട്ട് കാലങ്ങളായി. അപ്രതീക്ഷിതമായ തോല്‍വിയുടെ കാരണത്തെക്കുറിച്ചും രോഹിത് മത്സര ശേഷം സംസാരിച്ചിരുന്നു.

‘ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എല്ലാ ക്രഡിറ്റും ന്യൂസിലാന്‍ഡിനാണ്. ചില അവസരങ്ങളില്‍ മുന്നേറുന്നതില്‍ ഞങ്ങള്‍ വളരെ പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ ഞങ്ങള്‍ 20 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഞങ്ങളുടെ ബാറ്റര്‍മാര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ്. ന്യൂസിലാന്‍ഡിന്റെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഞങ്ങള്‍ക്കുണ്ടായിരുന്ന വലിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു,’ മത്സര ശേഷം രോഹിത് ശര്‍മ പറഞ്ഞു.

 

Content Highlight: Sanjay Manjrekar Talking About Rohit Sharma And Virat Kohli