നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ അവന്‍ റണ്‍സ് നേടുന്നു, പക്ഷെ ഒരു ബാറ്ററായി അവനെ കളിപ്പിക്കാനാകില്ല: സഞ്ജയ് മഞ്ജരേക്കര്‍
Sports News
നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ അവന്‍ റണ്‍സ് നേടുന്നു, പക്ഷെ ഒരു ബാറ്ററായി അവനെ കളിപ്പിക്കാനാകില്ല: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2024, 3:03 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്.

യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് തുണയായത്. ഓള്‍ റൗണ്ടര്‍ നിതീഷിന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടിയും വന്നേനെ.

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വീതം സിക്‌സറും ഫോറുമായി 54 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സിലും 42 റണ്‍സ് റെഡ്ഡിയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തു. ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ താരത്തിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

നിതീഷ് കുമാറിന്റെ ബാറ്റിങ്ങിനെക്കുറിച്ച് സഞ്ജയ് പറഞ്ഞത്

‘നിതീഷ് ബാറ്റില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്, നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ പോലും അവന്‍ റണ്‍സ് നേടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിതീഷിന് കൂടുതല്‍ റണ്‍സൊന്നും ലഭിച്ചിട്ടില്ല, പക്ഷെ നിങ്ങള്‍ക്ക് ഇവിടെ ഒരു അപൂര്‍വ ബാറ്റിങ് പ്രതിഭയെ കാണാന്‍ കഴിയും. ഇന്ത്യ ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും ബൗളിങ് യൂണിറ്റിനെ നിശ്ചയിക്കുകയും വേണം. നിതീഷ് ബാറ്റില്‍ മിടുക്കനാണ്, പക്ഷേ അദ്ദേഹത്തെ ശുദ്ധമായ ബാറ്ററായി കളിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വേഗത്തില്‍ പുറത്താക്കിയത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മിന്നും പ്രകടനമാണ്. കെ.എല്‍ രാഹുല്‍ (7), രോഹിത് ശര്‍മ (6), നിതീഷ് കുമാര്‍ റെഡ്ഡി (42), ആര്‍. അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), എന്നിവരെയാണ് കമ്മിന്‍സ് കൂടാരത്തിലേക്ക് പറഞ്ഞയച്ചത്.

രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

 

Content Highlight: Sanjay Manjrekar Talking About Nitish Kumar Reddy