എന്നിരുന്നാലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 12.83 എന്ന ആവറേജില്‍ 30 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ബുംറ സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറ മഹാനായ ബൗളറില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് പോയെന്നും ഇതിഹാസങ്ങളേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നും സഞ്ജയ് പറഞ്ഞു.
‘ഞാന്‍ ഇനി അവനെ മഹാനെന്ന് വിളിക്കില്ല. അവന്‍ ആ ഘട്ടവും കടന്നു. ഈ പയ്യന്‍ മറ്റൊരു ലെവലിലാണ്, എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തുന്നു. ഇതിഹാസങ്ങളായ മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, കര്‍ട്ട്‌ലി ആംബ്രോസ് എന്നിവരേക്കാള്‍ മികച്ചതാണ് അവന്റെ ശരാശരി.
വെറും 44 ടെസ്റ്റുകളില്‍ അവര്‍ക്ക് മുകളില്‍ നില്‍ക്കുക എന്നത് സെന്‍സേഷണല്‍ ആണ്. ഞാന്‍ ബ്രാഡ്മാനെസ്‌ക് എന്ന വാക്ക് അവനുപയോഗിക്കും. അദ്ദേഹം ഒറ്റയ്ക്ക് ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കി,’ സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.