ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.
അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കാഴ്ചവെച്ചത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ബുംറയ്ക്ക് വിട്ടുകൊടുത്ത് ഇലവനില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.
കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് പരാജയപ്പെടുകയായിരുന്നു. പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്ന് വെറും 19 റണ്‍സ് മാത്രമാണ് താരം നേടിയത്.
സിഡ്‌നിയിലെ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്സില്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.
ഇപ്പോള്‍ ഇരുതാരങ്ങളെയും ഉന്നംവെച്ച് തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
‘എപ്പോള്‍ വിരമിക്കണമെന്നത് കളിക്കാരന്റെ ഇഷ്ടമാണ്, എന്നാല്‍ എത്ര കാലംവരെ കളിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്,’ സഞ്ജയ് മഞ്ജരേക്കര്‍.
എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉടനീളം മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും താരത്തിന് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Sanjay Manjrekar Talking About Indian Player