ഐ.പി.എല്‍ മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ടീമുകളെ കുറിച്ചുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമായി സജീവമാവുകയാണ് ക്രിക്കറ്റ് ലോകം. ലോകത്തേറ്റവും കൂടുതല്‍ പണം വാരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റായ ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലളൂര്‍.
ഇതുവരെ കപ്പൊന്നും നേടാനായില്ലെങ്കിലും ‘ഈ സാലാ കപ്പ് നംദേ’ എന്നും പറഞ്ഞ് ഓരോ വര്‍ഷവും ഗ്യാലറിയിലേക്ക് ഒഴുകുന്ന ആരാധകരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളില്‍ തന്നെയാണ് ടീമിന്റെ സ്ഥാനം.
ഇപ്പോഴിതാ ടൂര്‍ണമെന്റിലെ ആര്‍.സി.ബിയുടെ ബൗളിങ് ലൈനപ്പിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത്തവണത്തെ ടീമുകളില്‍ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുള്ള ടീമാണ് ആര്‍.സി.ബിയെന്നാണ് സഞ്ജയ് പറഞ്ഞത്.
‘ഭയങ്കര ഡെപ്തുള്ള ബൗളിങ് ലൈനപ്പാണ് ആര്‍.സി.ബിക്കുള്ളത്. ജോസണ്‍ ഹേസല്‍വുഡ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും അത് ബൗളിങ്ങിനെ ബാധിക്കില്ല. കാരണം ടീമില്‍ ടോപ്‌ലിയുണ്ട്. സിറാജും ഹര്‍ഷല്‍ പട്ടേലും ടീമിലുള്ളത് തന്നെ വലിയ കാര്യമല്ലേ.
ഇനി സ്പിന്നിലാണെങ്കില്‍ ശ്രീലങ്കന്‍ സ്റ്റാര്‍ വാനിന്ദു ഹസരങ്കയും അവരുടെ കയ്യിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പന്തെറിയാന്‍ മാക്‌സ്‌വെല്ലും തയ്യാറാണ്. അത് പോരെ. ആര്‍.സി.ബിയുടെ ബോളിങ് പെര്‍ഫെക്ട് ആണ്. ഈ ഐ.പി.എല്ലിലെ മോസ്റ്റ് ഫേവറിറ്റ് ബൗളിങ്ങ് ലൈനപ്പാണ് ആര്‍.സി.ബിക്കുള്ളത്,’സഞ്ജയ് പറഞ്ഞു.
ഇത്തവണയെങ്കിലും കപ്പടിച്ച് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ആര്‍.സി.ബി ശ്രമിക്കുന്നത്. മാര്‍ച്ച്31ന് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് തിരിതെളിയുന്നത്.
മാര്‍ച്ച് രണ്ടിന് മുംബൈക്കെതിരെയാണ് ആര്‍.സി.ബിയുടെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ടീമിന്റെ ആദ്യ മത്സരം.
Content Highlight: sanjay manjrekar talk about rcb