| Sunday, 12th January 2025, 8:16 am

വിരാട് കോഹ്‌ലി കളിക്കാത്തതിന് ഗംഭീര്‍ എന്ത് പിഴച്ചു, മുന്‍ കോച്ചിങ് സ്റ്റാഫും ഉത്തരവാദി; വിമര്‍ശനങ്ങള്‍ക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.

സിഡ്നിയില്‍ നടന്ന അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്‌സിലും ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

പരമ്പരയില്‍ ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്തുകളില്‍ സൈഡ് എഡ്ജായാണ് വിരാട് ഏറെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വിരാടിന്റെ പ്രകടനം മങ്ങിയതില്‍ പരിശീലകനും ഉത്തരവാദിയാണെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ഗംഭീറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

‘ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറുകളില്‍ വിരാട് കോഹ്‌ലി നിരന്തരമായി ബുദ്ധിമുട്ടുന്നതിന്റെ പ്രശ്നങ്ങള്‍ സുനില്‍ ഗവാസ്‌കറും സഞ്ജയ് ഭായിയും, എടുത്തുകാണിച്ചു. ഈ പ്രശ്നങ്ങള്‍ അഭിഷേക് നായരും ഗൗതം ഗംഭീറുമുള്‍പ്പെടെയുള്ള കോച്ചിങ് സ്റ്റാഫ് എന്താണ് ചെയ്യുന്നതെന്ന് നിര്‍ദേശിക്കുകയും ചെയ്തു,

ആരെങ്കിലും ഫ്രണ്ട് ഫൂട്ടില്‍ സ്ഥിരമായി കളിക്കുകയോ അല്ലെങ്കില്‍ അവരുടെ റിഫ്‌ലെക്‌സുകള്‍ മെല്ലെ സംഭവിക്കുന്നതോ ആയ വലിയ പ്രശ്‌നമുണ്ടെങ്കില്‍ ഇത് വെറും ആറുമാസത്തിനുള്ളില്‍ സംഭവിക്കുന്നതല്ല. നിങ്ങള്‍ നേരിട്ട് വിമര്‍ശനം നടത്താന്‍ പോകുകയാണെങ്കില്‍ മുന്‍ കോച്ചിങ് സ്റ്റാഫിനെയും പരിഗണിക്കണം, ഈ വിമര്‍ശനങ്ങള്‍ അവഗണിക്കപ്പെട്ടതായി തോന്നുന്നു,’ സഞ്ജയ് പറഞ്ഞു.

Content Highlight: Sanjay Manjrekar Support Gautham Gambhir

We use cookies to give you the best possible experience. Learn more