| Tuesday, 31st December 2024, 5:16 pm

ഒരിക്കലും അവനെ പോലെയാകില്ല; രക്ഷകരായ റെഡ്ഡിയെയും വാഷിങ്ടണിനെയും ടീമിലെടുത്തതില്‍ വിമര്‍ശിച്ച് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റിനുള്ള ടീം തെരഞ്ഞെടുപ്പില്‍ അതൃപ്തിയുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പ്രോപ്പര്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും ടീമിന്റെ ഭാഗമാക്കിയതാണ് മഞ്ജരേക്കറിനെ ചൊടിപ്പിച്ചത്.

നിതീഷ് കുമാറിനെ ടീമിലെടുത്ത സാഹസം ഫലം കണ്ടെന്നും എന്നാല്‍ ഒരു പ്രോപ്പര്‍ ബാറ്റര്‍ക്ക് പകരമാകാന്‍ ഇരുവര്‍ക്കും ആകില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ബൗളറെ കൊണ്ടുവന്ന് ബാറ്റിങ്ങിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. ശുഭ്മന്‍ ഗില്ലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ ഇടം നേടി. അതായത് ഒരു പ്രോപ്പര്‍ ബാറ്ററെയാണ് അവര്‍ മാറ്റി നിര്‍ത്തിയത്. അഞ്ച് ദിവസവും ഇത്രത്തോളം ഫ്‌ളാറ്റായ ഒരു പിച്ചില്‍ ശുഭ്മന്‍ ഗില്‍ ടീമിലുണ്ടെങ്കില്‍ അത് കൂടുതല്‍ സഹായകരമായിരുന്നേനെ.

നിതീഷ് കുമാര്‍ റെഡ്ഡി മികച്ച പ്രകടനം കാഴ്ചവെച്ചു, ഭാഗ്യവശാല്‍ അത് ടീമിനെ സഹായിക്കുകയും ചെയ്തു. എന്നാല്‍ വാഷിങ്ടണ്‍ സുന്ദര്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഈ സമീപനം ഒരിക്കലും ഫലവത്താകില്ല, കൂടാതെ ശുഭ്മന്‍ ഗില്ലിനെ പോലെ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററെക്കാള്‍ മികച്ചതാകാന്‍ അവനൊരിക്കലും സാധിക്കുകയുമില്ല,’ മഞ്ജരേക്കര്‍ പറഞ്ഞു.

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് എട്ടാം വിക്കറ്റിലെ വാഷിങ്ടണ്‍ സുന്ദറിന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും ചെറുത്തുനില്‍പ്പാണ്. ഇവരുടെ കരുത്തിലാണ് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയതും.

എട്ടാം വിക്കറ്റില്‍ 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 221ല്‍ ഒന്നിച്ച ഇവരുടെ കൂട്ടുകെട്ട് പിരിയുന്നത് 348 റണ്‍സില്‍ നില്‍ക്കവെയാണ്. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കി നഥാന്‍ ലിയോണാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്.

എന്നാല്‍ പുറത്താകും മുമ്പ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 162 പന്ത് നേരിട്ട് 50 റണ്‍സുമായാണ് സുന്ദര്‍ പുറത്തായത്.

അതേസമയം, കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം കുറിച്ചാണ് നിതീഷ് കുമാര്‍ റെഡ്ഡി തിളങ്ങിയത്. 189 പന്ത് നേരിട്ട താരം 114 റണ്‍സ് നേടി പുറത്തായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ ഓസീസ് സൂപ്പര്‍ താരം സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കുന്നത്.

Content Highlight: Sanjay Manjrekar slams selectors for not including Shubhman Gill in Boxing Day Test

Latest Stories

We use cookies to give you the best possible experience. Learn more