ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.
മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനം ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശരാക്കി. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും രഞ്ജിയിലും തുടര്‍ന്ന മോശം ഫോം ഇംഗ്ലണ്ടിനെതിരെയും പ്രകടമായി. ഒരിക്കല്‍ക്കൂടി ഒറ്റയക്കത്തിനാണ് ഇന്ത്യന്‍ നായകന്‍ തിരിച്ചുനടന്നത്.
സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഏഴ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് രോഹത്തിന് കണ്ടെത്താന്‍ സാധിച്ചത്. അവസാന പത്ത് ഇന്നിങ്‌സില്‍ ഇത് ഏഴാം തവണയാണ് രോഹിത് ഒറ്റയക്കത്തിന് മടങ്ങുന്നത്.
ഇപ്പോള്‍ രോഹിത്തിന്റെ പ്രകടനങ്ങളെ കുറിച്ചും മോശം ഫോമിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തിന് ശേഷം ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കവെയാണ് മഞ്ജരേക്കര്‍ രോഹിത്തിന്റെ മോശം ഫോമിനെ കുറിച്ച് സംസാരിച്ചത്.
‘പുറത്തായ രീതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ രോഹിത് ശര്‍മ ഏറെ നിരാശനായിരിക്കും. അവന് മേല്‍ ഏറെ സമ്മര്‍ദമുണ്ട്, അവന് റണ്‍സ് സ്‌കോര്‍ ചെയ്യാനോ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇംപാക്ട് ഉണ്ടാക്കാനോ സാധിക്കാതെ പോയാല്‍ അതുണ്ടാക്കുന്ന ആശങ്ക ഏറെ വലുതായിരിക്കും.
ഏതൊരു ബാറ്റര്‍ക്കും, പ്രത്യേകിച്ച് ടോപ് ത്രീയില്‍ കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാനും ഫോം വീണ്ടെടുക്കാനും സാധിക്കുന്ന ഫോര്‍മാറ്റാണിത് എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് ശര്‍മയുടെ മികച്ച പ്രകടനം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വളരെ വലിയ പ്രശ്‌നത്തെയാണ് കുറിക്കുന്നത്,’ മഞ്ജരേക്കര്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മോശം ഫോമാണ് ആരാധകരെ നിരാശയിലേക്ക് തള്ളിവിടുന്നത്. ഏതൊരു ഫോര്‍മാറ്റിലും താളം കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല.
2025 ചാമ്പ്യന്‍സ് ട്രോഫി ഒരുപക്ഷേ രോഹിത് ശര്‍മയുടെ അവസാന ഐ.സി.സി ഇവന്റായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് രോഹിത്തിനെ സംബന്ധിച്ചും പ്രധാനമാണ്.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഒഡീഷയിലെ ബരാബതി സ്റ്റേഡിയമാണ് വേദി.
Content highlight: Sanjay Manjrekar slams Rohit Sharma