| Saturday, 1st June 2024, 1:42 pm

അവന്‍ അവസാന മത്സരം കളിച്ചത് ഏഴ് വര്‍ഷം മുമ്പ്, അഫ്രിദിക്കൊന്നും പഴയ പവറില്ല; പാകിസ്ഥാന്‍ തീയുണ്ടകള്‍ ഇന്ത്യക്ക് ഭീഷണിയാകില്ലെന്ന് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നുകൂടിയാണ് ഈ മത്സരം.

ജൂണ്‍ ഒമ്പതിനാണ് ആ ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആദ്യ മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

പതിവുപോലെ ബൗളര്‍മാരുടെ വേഗതയിലാണ് പാകിസ്ഥാന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്കൊപ്പം വിരമിക്കല്‍ പിന്‍വലിച്ച് ടീമിന്റെ ഭാഗമായ മുഹമ്മദ് ആമിറുമടങ്ങുന്ന കരുത്തുറ്റ ബൗളിങ് നിര തന്നെയാണ് മെന്‍ ഇന്‍ ഗ്രീനിനുള്ളത്.

എന്നാല്‍ ഈ ബൗളിങ് നിര ഇന്ത്യക്ക് ഭീഷണിയാകില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്.

‘ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് ആമിര്‍ അവസാനമായി ഒരു അന്താരാഷ്ട്ര ടി-20 മാച്ചില്‍ പന്തെറിഞ്ഞത്. അവന്‍ ഇപ്പോള്‍ എത്ര മികച്ച രീതിയില്‍ പന്തെറിയുമെന്ന് ഒരു ഐഡിയയുമില്ല.

ഷഹീന്‍ അഫ്രിദിയാകട്ടെ രണ്ട് വര്‍ഷം മുമ്പുള്ള അതേ ബൗളറുമല്ല. ഇന്ത്യ അവനെ വളരെ മികച്ച രീതിയില്‍ തന്നെ നേരിട്ടിട്ടുണ്ട്. ഏഷ്യാ കപ്പ് ഓര്‍മയില്ലേ, 50 ഓവര്‍ മത്സരം പോലും വണ്‍ സൈഡഡ് മാച്ചായി മാറിയിരുന്നു.

മുഹമ്മദ് ആമിറും ഷഹീന്‍ അഫ്രിദിയുമടക്കമുള്ള പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യക്ക് ഒരു ഭീഷണിയാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ഇന്ത്യക്ക് ഒരു പ്രശ്‌നമാകില്ല,’ മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മലും അഭിപ്രായപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ക്യു-എ സെഷനിലാണ് താരം ലോകകപ്പിലെ തന്റെ വിജയികളെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content Highlight: Sanjay Manjrekar says Pakistani bowlers will not be a threat to India

We use cookies to give you the best possible experience. Learn more