| Thursday, 9th January 2025, 8:40 am

നിസ്സംശയം പറയാം, അവനാണ് ക്യാപ്റ്റന്‍; രോഹിത് എന്തെങ്കിലും ചെയതിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല; തുറന്നടിച്ച് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജസ്പ്രീത് ബുംറ തന്നെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. നിലവിലെ നായകന്‍ രോഹിത് ശര്‍മയുടെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞാണ് മഞ്ജരേക്കര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയെ പിന്തുണയ്ക്കുന്നത്.

‘എന്നെ സംബന്ധിച്ച് ആ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇംഗ്ലണ്ടിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കുക, അതുകൊണ്ട് തന്നെ ബുംറ തന്നെയായിരിക്കണം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍.

ഒരു ബാറ്റര്‍ എന്ന നിലയിലും സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയവും കണക്കിലെടുക്കുമ്പോള്‍ രോഹിത് ശര്‍മ കാര്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതിനൊപ്പം മോശം ഫോമിന്റെ പേരില്‍ അവന്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. കാരണം ആ ഇലവനിലുണ്ടാകാന്‍ അര്‍ഹനല്ല എന്ന് അവന് തോന്നിക്കാണും,’ മഞ്ജരേക്കര്‍ പറഞ്ഞു.

സഞ്ജയ് മഞ്ജരേക്കര്‍

രോഹിത് ശര്‍മയുടെ അഭാവത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2022ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ബുംറ ആദ്യമായി ഇന്ത്യയുടെ റെഡ് ബോള്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന ഖ്യാതിയുമായാണ് ബുംറ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെത്തിയത്.

ക്യാപ്റ്റനായി ജസ്പ്രീത് ബുംറ

അഞ്ചാം മത്സരത്തിന് മുമ്പ് 2-1 എന്ന നിലയില്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോയുടെ കരുത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയുമായിരുന്നു.

ജോണി ബെയര്‍സ്‌റ്റോ

തുടര്‍ന്ന് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നപ്പോഴും ബുംറയ്ക്ക് കീഴിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ക്യാപ്റ്റന്റെ റോളില്‍ ബുംറ ആദ്യമായി വിജയം രുചിച്ചതും ഇതേ മത്സരത്തിലായിരുന്നു.

ഓസ്‌ട്രേലിയയുടെ രാവണന്‍ കോട്ടയായ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ചരിത്രത്തിലാദ്യമായി ആതിഥേയരുടെ കണ്ണുനീര്‍ വീഴ്ത്തിയ ബുംറപ്പട 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കി. എവേ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം

രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ മടങ്ങിയെത്തിയപ്പോള്‍ ബുംറ ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുത്തു.

ശേഷം മോശം ഫോമിന്റെ പേരില്‍ പ്ലെയിങ് ഇലവനില്‍ നിന്നും രോഹിത് ശര്‍മ മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോഴും ബുംറയെ തേടി ക്യാപ്റ്റന്റെ കുപ്പായം വീണ്ടുമെത്തി. എന്നാല്‍ സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

അതേസമയം, ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു.

മുഹമ്മദ് കൈഫ്

ക്യാപ്റ്റന്‍സിയുടെ അധിക ചുമതല ജസ്പ്രീത് ബുംറയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്ന് പറഞ്ഞ കൈഫ് കെ.എല്‍. രാഹുലിനെയോ റിഷബ് പന്തിനെയോ ക്യാപ്റ്റനാക്കണമെന്നും അഭിപ്രായപ്പെട്ടു.

‘ജസ്പ്രീത് ബുംറയെ ഒരു കാരണവശാലും ഇന്ത്യയുടെ ക്യാപ്റ്റനാക്കരുത്, അവന്‍ അതിന് യോജിച്ച വ്യക്തിയല്ല. കാരണം തന്റെ നൂറ് ശതമാനവും കളത്തില്‍ നല്‍കുന്ന ഏക ബൗളറാണ് ബുംറ, വര്‍ക്ക് ലോഡ് കാരണം അവന്‍ ഇതിനോടകം തന്നെ വലിയ സമ്മര്‍ദത്തിലാണ്. ഒരുപാട് ഓവറുകള്‍ എറിയേണ്ടിവരുന്നതുകൊണ്ട് അവന് പരിക്കേല്‍ക്കുകയാണ്. ഇതേ കാരണം കൊണ്ട് ഇതാദ്യമായല്ല പുറത്താകുന്നത്,’ കൈഫ് പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ബുംറ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്നതിനോട് എനിക്ക് യോജിപ്പില്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയാല്‍ കെ.എല്‍. രാഹുലിനെയോ റിഷബ് പന്തിനെയോ ക്യാപ്റ്റനായി കാണാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. ഇരുവരും ഐ.പി.എല്ലില്‍ ടീമുകളെ നയിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ വന്നാല്‍ അത് നന്നാകും,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanjay Manjrekar says Jasprit Bumrah should lead India in test format

We use cookies to give you the best possible experience. Learn more