അവന്‍ അവരെപോലെയാണ്; ഇന്ത്യന്‍ യുവ ബാറ്ററെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍
Sports News
അവന്‍ അവരെപോലെയാണ്; ഇന്ത്യന്‍ യുവ ബാറ്ററെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th December 2023, 5:06 pm

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍ ഇന്ത്യന്‍ യുവ സ്റ്റാര്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുച്ചിരുന്നു. നിര്‍ണായക ടി ട്വന്റി മത്സരങ്ങളില്‍ ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയുമായി നടന്ന ടി ട്വന്റി ഐ പരമ്പരയില്‍ ജയ്‌സ്വാളിന്റെ മിന്നും പ്രകടനം ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് മുമ്പ്
ആഭ്യന്തര മത്സരത്തിലും മികച്ച പ്രകടനമാണ് താരം കഴ്ചവെച്ചത്. ഐ.പി.എല്ലില്‍ താരം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച ഓപ്പണിങ് കൂട്ട് കെട്ട് നല്‍കിയിരുന്നു.

ജയ്‌സ്വാളിനെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവാഗുമായും ഓപ്പണര്‍ രോഹിത് ശര്‍മയുമായും സഞ്ജയ് താരതമ്യപ്പെടുത്തിയിരുന്നു. സെവാഗിനെ അനുസ്മരിക്കുന്ന രീതിയിലുള്ള ആക്രമണരീതിയായിരുന്നു ജയ്‌സ്വാള്‍ ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

2023 ഏകദിനലോകകപ്പില്‍ രോഹിത് ശര്‍മ നടത്തിയ പ്രകടനത്തിന് സമാനമാണ് ജയ്‌സ്വാളും ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഐ.പി.എല്ലിന് നന്ദി, മറ്റ് രാജ്യങ്ങളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യക്ക് ഇപ്പോള്‍ ഒരു ബി ടീം ഉണ്ട്. ഇന്ത്യയുടെ പുതിയ തന്ത്രത്തിന്റെ താക്കോല്‍ യശ്വസി ജയ്‌സ്വാള്‍ ആയിരിക്കും. 2023 ലോകകപ്പിലെ രോഹിത് ശര്‍മുടെ പ്രകടനം ആവര്‍ത്തിക്കാനുള്ള കഴിവ് അവനുണ്ട്,” മഞ്ജരേക്കര്‍ പറഞ്ഞു.

21കാരനായ ജയ്‌സ്വാള്‍ ടി ട്വന്റിയില്‍ മികച്ച റെക്കോഡ് പ്രകടനം നടത്തിയിരുന്നു. 33.63 ആവറേജും, 163.71 സ്‌ട്രൈക്ക് റേറ്റും താരം നിലനിര്‍ത്തിയിരുന്നു. 13 ടി ട്വന്റിയില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറിനേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയും താരം പിടിച്ചുപറ്റിയിരുന്നു.

 

Content Highlight: Sanjay Manjrekar praises Yashasvi Jaiswal