ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യ. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് മുമ്പിലാണ് ആതിഥേയര്‍.
ഈ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയാണ് മുന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മെല്‍ബണില്‍ ഇന്ത്യ തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തുവെന്ന് പറഞ്ഞ താരം നിതീഷ് കുമാര്‍ റെഡ്ഡിയെയും ജസ്പ്രീത് ബുംറയെയും പ്രത്യേകം അഭിനന്ദിച്ചു.
നേരത്തെ തന്നെ ഇന്ത്യ പരമ്പര പരാജയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതിന് അനുവദിക്കാതെ പരമ്പര കൈവിടാതെ കാത്തുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയാണ് മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്.
‘തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തതില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. മുഹമ്മദ് ഷമി അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം, ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയും ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു.
ഓരോ തവണയും പിന്നില്‍ പോയപ്പോള്‍ അവര്‍ തിരിച്ചുവന്നു. നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ രക്ഷകനായത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു വേള ഓസ്‌ട്രേലിയയിലെ 91/6 എന്ന നിലയില്‍ തളച്ചുനിര്‍ത്താന്‍ ജസ്പ്രീത് ബുംറയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും യശസ്വി ജെയ്‌സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നേരത്തെ തന്നെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഓരോ തവണയും താരങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്ത് പരമ്പര നിലനിര്‍ത്തി.
ഓസ്‌ട്രേലിയയാണ് കുറച്ചുകൂടി ശക്തമായ നിരയെന്ന് എനിക്കറിയാം, എന്നാല്‍ ആതിഥേയര്‍ ഉയര്‍ത്തിയ എല്ലാ പ്രതിസന്ധികളും അതിജീവിച്ചതില്‍ ഇന്ത്യയും പ്രശംസകള്‍ അര്‍ഹിക്കുന്നുണ്ട്,’ മഞ്ജരേക്കര്‍ പറഞ്ഞു.
അതേസമയം, നാലാം ടെസ്റ്റിന് പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മൂന്നിന് സിഡ്നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക പോംവഴി.
Content highlight: Sanjay Manjrekar praises Team India